‘ഇനിയെങ്കിലും നാടിനും ജനങ്ങള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യൂ’ ; വി മുരളീധരനെതിരെ പാളയത്തില്‍ പട

Jaihind Webdesk
Wednesday, April 21, 2021

കേന്ദ്രമന്ത്രി എന്ന നിലയില്‍ വി മുരളീധരന്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവുമായി ആർഎസ്എസിലെ ഒരു വിഭാഗം. ജനങ്ങൾക്കും നാടിനും വേണ്ടി എന്തെങ്കിലും ചെയ്ത്  ജനങ്ങളോടുള്ള പ്രതിബദ്ധത കാട്ടാന്‍ ഇനിയെങ്കിലും മുരളീധരന്‍ തയാറാകണമെന്ന് മുന്‍ ആർഎസ്എസ് പ്രചാരകനായ ശരത്ത് എടത്തില്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി മുരളീധരനെതിരായ രൂക്ഷ വിമർശനം.

‘വിഎം ആർമിയുടെ ശ്രദ്ധയ്ക്ക്’ എന്ന പേരിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് താഴെ  നിരവധി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും വി മുരളീധരനെതിരെ വിമര്‍ശനമുന്നയിക്കുന്നു. മുരളീധരന്‍റെ പ്രവർത്തനങ്ങളില്‍ സ്വന്തം ആളുകള്‍ തന്നെ അതൃപ്തരാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ കേരളത്തിനായി ഒന്നും ചെയ്യാന്‍ മുരളീധരന് കഴിഞ്ഞിട്ടില്ല. ഇതിനെ പ്രതിരോധിക്കുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ വിഎം ആർമിയെ ഉപയോഗിച്ച് തനിക്ക് അനുകൂലമായ പോസ്റ്റുകള്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്.  രഹസ്യമായി പറഞ്ഞാൽ തലയിൽ കയറുന്നവരല്ല ‘വിഎം ആർമി’ എന്നതിനാലാണ് ഇത് പരസ്യമായി പറയുന്നതെന്നും ശരത് എടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്തെങ്കിലും പ്രവർത്തിക്കാനും മുരളീധരനോട് ഇവർ ആവശ്യപ്പെടുന്നു.

മുരളീധരന്‍റെ ഒരു ദിവസം’ എന്ന തലക്കെട്ടിൽ വിആർ രാഗേഷ് വരച്ച കാർട്ടൂണും ശരത് തന്‍റെ പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ആർഎസ്എസ് മലപ്പുറം, കോഴിക്കോട് ജില്ലാ പ്രചാരകനായിരുന്നു ശരത്. ആർഎസ്എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വികാസകേന്ദ്രം സംസ്ഥാന സംയോജകനുമായിരുന്നു. വി മുരളീധരനെതിരെ സ്വന്തം പാർട്ടിയില്‍ തന്നെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട് എന്നതാണ് വ്യക്തമാകുന്നത്.