പാർട്ടി സെക്രട്ടറിയുടെ മകനെ വീണ്ടും ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്‍റ് ; കൂടുതല്‍ പ്രതിരോധത്തിലായി സി.പി.എം

Jaihind News Bureau
Tuesday, October 6, 2020

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യുമ്പോൾ തീർത്തും പ്രതിരോധത്തിലാവുന്നത് സി.പി.എമ്മും സംസ്ഥാന സർക്കാരുമാണ്. ആഴ്ചകൾക്ക് മുമ്പ് എൻഫോഴ്‌സ്‌മെന്‍റ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ബിനീഷ് നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിന് കാരണം.

ആരോപണങ്ങളുടെ ശരശയ്യയിൽ അമരുന്ന സംസ്ഥാന സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ ദേശീയ അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ലഹരി കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് എൻഫോഴ്‌സമെന്‍റിന്‍റെ അന്വേഷണ പരിധിയിൽ വരുന്നത്. ബിനീഷിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചതായാണ് വിവരം. ബിനീഷ് കോടിയേരിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിപ്പിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമെ ലഹരി മരുന്ന് കടത്ത് കേസിൽ ആരോപണ വിധേയനായ ബിനീഷിനെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ചോദ്യം ചെയ്‌തേതേക്കും. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾ, അനൂപ് മുഹമ്മദിന്‍റെ സംഘത്തിന്‍റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങൾ, ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച് ചോദ്യം ചെയ്യലിൽ തെളിവ് ലഭിച്ചാൽ ബിനീഷിന്‍റെ നില പരുങ്ങലിലാവും. ബിനീഷിന്‍റെ കമ്പനികളായ ബി ക്യാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസപ്റ്റ്സ് എന്നിവയെപ്പറ്റിയും ഇ.ഡി അന്വേഷണം തുടരുകയാണ്.

സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം നേതൃത്വം വെട്ടിലായി വട്ടം കറങ്ങുമ്പോഴാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഇനിയും ഒരു പ്രഹരം താങ്ങാൻ ശേഷിയില്ലാതെ കൈകാലിട്ടടിക്കുന്ന സി.പി.എം ബിനീഷ് കോടിയേരിയിലൂടെ വീണ്ടും ആടിയുലയുകയാണ്.