അഴിമതിക്ക് ചൂട്ട് പിടിക്കരുത്; മുഖ്യമന്ത്രിയെ മാറ്റാൻ പാർട്ടി സെക്രട്ടറി മുൻകൈയെടുക്കണം: കെ സുധാകരൻ എംപി

കൊച്ചി: ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാൻ പാർട്ടി സെക്രട്ടി എം.വി ഗോവിന്ദൻ മുൻ കൈയെടുക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. ഗോവിന്ദന്‍ അഴിമതിക്ക് ചൂട്ടുപിടിക്കരുതെന്നും അഴിമതിക്കാരനെ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടി പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രഹ്മപുരം വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗണ്‍സില്‍ യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചും എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 12 മണിക്കൂര്‍ നഗരസഭാ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.

“അഴിമതി എന്നാല്‍ ഒരു കുടുംബത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ്. സാധാരണ കുടുംബമാണ് പിണറായിയുടെത്. മകള്‍ ഐടി കമ്പനി സ്ഥാപിച്ചിരിക്കുന്നു. മകന്‍ ഗള്‍ഫില്‍ വ്യവസായ ശൃംഖല കെട്ടിപ്പൊക്കുന്നു. ഇതിനൊക്കെ എവിടെ നിന്നാണ് പണം. പാട്ടവും വരവും കിട്ടുന്നതാണോ? എത്ര അഴിമതിക്കഥകളാണ് പുറത്തു വന്നത്. സ്വപ്‌നാ സുരേഷ് പറഞ്ഞതിന് എതിരെ കേസ് കൊടുത്തോ? നെതര്‍ലന്‍ഡില്‍ വിവാദ മാലിന്യ കരാര്‍ കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ചിത്രങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. അഴിമതിയുടെ ചര്‍ച്ചയാണ് അവിടെ നടന്നത്. മുഖ്യമന്ത്രി അടക്കം ഇടപ്പെട്ട് കമ്മീഷന്‍ പറ്റി കരാര്‍ കൊടുത്തു. സിപിഎം നേതാവ് വൈക്കം വിശ്വന്‍റെ മരുമകന്‍റെ കമ്പനിക്ക് കരാര്‍ നല്‍കിയത് സാങ്കേതിക പരിജ്ഞാനത്തിന്‍റെ പേരിലല്ല. അതു അഴിമതിയുടെ കരാറാണ്. ജനങ്ങളുടെ മുന്നില്‍ മുഖ്യമന്ത്രി കുറ്റം സമ്മതിക്കണം. ജനങ്ങളോട് നീതി പുലര്‍ത്തണം” – സുധാകരന്‍ പറഞ്ഞു.

തുക്കടാ പോലീസിനെ കാട്ടി ഭയപ്പെടുത്താന്‍ നോക്കണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ധരിക്കുന്ന കാക്കി നീതി പരിപാലനത്തിന്‍റെ പ്രതീകമാണ്. അതും ധരിച്ചും ഗുണ്ടായിസവും ഫ്രാക്ഷന്‍ തീരുമാനവും നടപ്പാക്കിയാല്‍ ധിക്കരിക്കേണ്ടി വരും. കൊച്ചി കോര്‍പ്പറേഷന്‍ ആഫീസില്‍ സമരം നടത്തിയത് കൗണ്‍സിലര്‍മാരാണ്. അതു ജനാധിപത്യപരമായ അവകാശമാണ്. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ വന്ന പോലീസ് മേയര്‍, സുരക്ഷിതമായി പോയ ശേഷം കൗണ്‍സിലര്‍മാരെ തല്ലി ചതച്ചത് എന്തിനെന്നും ഇതിന് ആരാണ് അവകാശം തന്നതെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.

Comments (0)
Add Comment