ആർഭാടത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും നേർക്കാഴ്ചയായി ‘തൊഴിലാളി വർഗ പാർട്ടി’യുടെ സമ്മേളനം

 

കണ്ണൂർ : ആർഭാടത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും നേർക്കാഴ്ചകളാണ് കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കാണാൻ കഴിയുന്നത്. തൊഴിലാളി വർഗത്തിന്‍റെ പാർട്ടിയാണ് സിപിഎം എന്നാണ് പറയുന്നതെങ്കിലും ആ ലാളിത്യമൊന്നും സമ്മേളനത്തിലെങ്ങും കാണാനില്ല.

വൻകിട ഷോപ്പിംഗ് ഫെസ്റ്റുകളെ വെല്ലുന്ന സജ്ജീകരണങ്ങളാണ് പാർട്ടി കോൺഗ്രസിന്‍റെ പ്രധാന വേദിയായ നായനാർ അക്കാദമിയിലുള്ളത്. 34,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഹാളാണ് പാർട്ടി കോൺഗ്രസിന്‍റെ പ്രധാന വേദി. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പൂർണമായും ശീതികരിച്ചതാണ്. സെൻട്രലൈസ്ഡ് എസിയാണ് ഹാളിൽ ഒരുക്കിട്ടുള്ളത്.
എയർ കണ്ടീഷനുകൾ പ്രവർത്തിപ്പിക്കാനായി കെഎസ്ഇബി വക പ്രത്യേക ട്രാൻസ്ഫോമറും സ്ഥാപിച്ചിട്ടുണ്ട്. ഒരു പ്രതിനിധിക്ക് പത്ത് സ്‌ക്വയർ ഫീറ്റ് എന്ന രീതിയിലാണ് ഹാൾ സജ്ജമാക്കിട്ടുള്ളത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക അലൂമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ഹാൾ ഒരുക്കിയത്. ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന ഇരിപ്പിടങ്ങളും മറ്റു സജ്ജീകരണങ്ങളുമാണ് ഇവിടെയുള്ളത്. വേദിയിലും ആർഭാടം ഒട്ടും കുറവില്ല.

സമ്മേളനഹാൾ ഇങ്ങനെയാണെങ്കിൽ അതിന് പുറത്ത് അതിലും വലിയ സജ്ജീകരണങ്ങൾ വേറെയും ഉണ്ട്. കണ്ണൂരിലെ പ്രധാനപ്പെട്ട ലക്ഷ്വറി ഹോട്ടലുകളിലും സർക്കാർ അതിഥി മന്ദിരങ്ങളിലും ഉൾപ്പടെയാണ് സമ്മേളനത്തിന് എത്തിയ പ്രതിനിധികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണമൊരുക്കുന്നതാവട്ടെ കേരളത്തിലെ മികച്ച ഹോട്ടൽ ബ്രാൻഡുകളുടെ പാചക വിദഗ്ധരും. ഒഡീഷ, ബീഹാർ പോലുള്ള പിന്നാക്ക സംസ്ഥാനങ്ങളിൽ നിന്ന് പാർട്ടി കോൺഗ്രസിനെത്തിയ പ്രതിനിധികൾ ഈ പണക്കൊഴുപ്പ് കണ്ട് അന്തംവിട്ട് നിൽക്കുകയാണ്. കിലോമീറ്റർ ദൂരത്തിൽ വൈദ്യുതാലങ്കാരവും ഒരുക്കിടുണ്ട്. ഇതിന് മാത്രം കോടികൾ ചെലവ് വരും.

Comments (0)
Add Comment