‘പാർട്ടി ആന്‍റ് പവർ’ ; സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തെയും ഭരണ ഇടപെടലുകളെയും തുറന്നുകാട്ടി ‘ദ ഹിന്ദു’ എഡിറ്റോറിയല്‍

സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടി ‘ദ ഹിന്ദു’ പത്രത്തിന്‍റെ എഡിറ്റോറിയല്‍. ‘പാർട്ടി ആന്‍റ് പവർ : ഓണ്‍ പൊളിറ്റിക്കല്‍ വയലന്‍സ് ഇന്‍ കേരള’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കേരളത്തിലെ ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും  അവ ഒതുക്കിത്തീർക്കാനും അന്വേഷണത്തെ വഴിതിരിക്കാനും ഭരണ സ്വാധീനം ഉപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി പരാമർശിച്ചിരിക്കുന്നത്.

പെരിയ, തിരുവല്ല കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഹിന്ദുവിന്‍റെ എഡിറ്റോറിയല്‍. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍, ഉന്നത സിപിഎം നേതാക്കള്‍ക്കടക്കം അവയിലുള്ള പങ്ക്, പ്രതികളെ രക്ഷപ്പെടുത്താന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്നത് തുടങ്ങിയവയെല്ലാം ഹിന്ദു എഡിറ്റോറിയല്‍ ചർച്ചയാക്കുന്നു.

പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതിയാക്കിയത് ലേഖനത്തില്‍ പ്രത്യേകം പരാമർശിക്കുന്നു. പെരിയ കേസില്‍ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്ന് 2019 സെപ്റ്റംബർ 30ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. എന്നാല്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ വാരിയെറിഞ്ഞ് സംസ്ഥാന സർക്കാർ സുപ്രീം കോടതി വരെ പോയത് പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

‘പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സന്ദീപ് കുമാറിനെ കഴിഞ്ഞയാഴ്ച പത്തനംതിട്ട ജില്ലയിൽ ബിജെപി യുവജന വിഭാഗവുമായി ബന്ധമുള്ള അയൽവാസിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കൊലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യം ആദ്യം തള്ളിക്കളഞ്ഞ ലോക്കൽ പൊലീസ്, സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി ചീത്തവിളിച്ചതോടെ തിരക്കഥ മാറ്റി. രണ്ട് കേസുകളിലും, ഭരണകക്ഷി സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. ആദ്യത്തേതിൽ അതിന്‍റെ പ്രവർത്തകരെ സംരക്ഷിക്കാൻ, രണ്ടാമത്തേതിൽ ഒരു രാഷ്ട്രീയ നിറം ചേർക്കാൻ’ – എഡിറ്റോറിയലില്‍ പറയുന്നു.

ഭരണ സ്വാധീനം ഉപയോഗിച്ച് പൊലീസിന്‍റെ തലപ്പത്തുളളവരെയും അന്വേഷണ സംഘത്തിലുള്ള പൊലീസ് ഉദ്യേഗസ്ഥരെയും ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തുന്നത്, കൊലപാതകങ്ങള്‍ ഉള്‍പ്പെടെ എന്ത് കുറ്റകൃത്യങ്ങളിലും തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ തിരിക്കാന്‍ പാര്‍ട്ടിയും ഭരണസംവിധാനവും ചെലുത്തുന്ന സമ്മർദ്ദവും എല്ലാം വിശദമായി എഡിറ്റോറിയലില്‍ പരാമർശിക്കുന്നുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ‘ഇടപെടലുകളില്ലാത്ത’ അന്വേഷണം ആവശ്യമാണെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഇടതുസർക്കാരിന്‍റെ ഭരണത്തെ തുറന്നുകാട്ടുന്നതാണ് പാർട്ടിയും അധികാരവും എന്ന ഹിന്ദുവിന്‍റെ എഡിറ്റോറിയല്‍.

Comments (0)
Add Comment