പാർലമെന്‍റ് ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ; 402 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്


ന്യൂഡല്‍ഹി : 400ലേറെ പാർലമെന്‍റ് ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 1,409 ജീവനക്കാരിൽ 402 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗികവൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ബജറ്റ് സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജീവനക്കാർക്ക് വൈറസ് സ്ഥിരീകരിച്ചത്  പ്രതിസന്ധിയാണ്.

ഈ മാസം നാലുമുതൽ കഴിഞ്ഞ ദിവസം വരെയാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സർക്കാർവൃത്തം അറിയിച്ചു. ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഒമിക്രോൺ പരിശോധനക്കായി ഇവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള ജീവനക്കാരോട് കൊവിഡ് മുൻകരുതലെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

ലോക്‌സഭയിലെ 200ഉം രാജ്യസഭയിലെ 69ഉം ജീവനക്കാർക്കും 133 അനുബന്ധ തൊഴിലാളികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്‍റിനകത്ത് ഉണ്ടായിരുന്നവരുടെ കണക്കാണിത്. പാർലമെന്‍റിനു വെളിയിലുണ്ടായിരുന്ന ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായി സൂചനയുണ്ട്.

മുഴുവൻ സർക്കാർ കാര്യാലയങ്ങളിലും 50 ശതമാനം സ്റ്റാഫിനെ മാത്രം നിർത്തി ജോലിക്രമം നിശ്ചയിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും ആവശ്യപ്പെട്ടു. ഒമിക്രോൺ ഭീതി ശക്തമായതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ്ങിൽ ഇളവ് നൽകിയിരുന്നു.

Comments (0)
Add Comment