പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ; കേന്ദ്ര ബജറ്റ് നാളെ

Jaihind Webdesk
Thursday, January 31, 2019

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഈ സമ്മേളനകാലത്തുതന്നെ പാര്‍ലമെന്റില്‍ വയ്ക്കും. രാവിലെ 11 ന് സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യുന്നതോടെ ഈ സര്‍ക്കാരിന്‍റെ കാലത്തെ അവസാന സമ്മേളനത്തിന് തുടക്കമാകും.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റിലുണ്ടാകും. കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാകും ഉൗന്നല്‍. വായ്പകളുടെ പലിശ ഒഴിവാക്കുന്നതടക്കം കാര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ട്. അരുണ്‍ ജയ്റ്റ്ലി ചികില്‍സയിലായതിനാല്‍ ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള പിയൂഷ് ഗോയലാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം ഒരു നിശ്ചിത മാസവരുമാനം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള സര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി കൊണ്ടുവന്നേക്കാം. അവാസന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നിര്‍ണായക ബില്ലുകള്‍ പാസാക്കാനും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പൗരത്വ ഭേദഗതി, മുത്താലാഖ് നിരോധനം എന്നിവയ്ക്കുള്ള ബില്ലുകള്‍ നിയമമാക്കാനാണ് നീക്കം. റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആക്രമണം തുടരുന്നതിനിടെയാണ് ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍വയ്ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ പ്രതിരോധമന്ത്രാലയത്തിന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പില്‍ മാത്രമേ ഉള്‍പ്പെടുത്തൂ. പാര്‍ലമെന്‍റില്‍ പൊതുവായി ലഭ്യമാക്കുന്ന സിഎജി റിപ്പോര്‍ട്ടില്‍ വിലവിവരങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന.