പാരീസ് ഒളിമ്പിക്സ്: വിനേഷിന് മെഡലില്ല; അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി തള്ളി

Jaihind Webdesk
Wednesday, August 14, 2024

 

പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യത കൽപ്പിച്ചത് ചോദ്യംചെയ്ത് വെള്ളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളി. വനിതാ ഗുസ്തിയിൽ 50 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിനു തൊട്ടുമുമ്പാണ് അയോഗ്യയാക്കിയത്. നിശ്ചിത ഭാരത്തിനും 100 ഗ്രാം അധിക ഭാരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അയോഗ്യത കൽപ്പിച്ചത്. ഭാരം കുറയ്ക്കാൻ സമയം വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് വിനേഷ് ഫോഗട്ട് രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം.

പാരീസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈലിൽ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകൾക്കകം നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടർന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കൽപ്പിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേൾഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിർകക്ഷികൾ. നിയമം നിയമമാണെന്നും ആർക്കു വേണ്ടിയും അതു മാറ്റാൻ സാധിക്കില്ലെന്നും രണ്ടു സംഘടനകളുടേയും നേതൃത്വം കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.