കുഞ്ഞോമനയുടെ ജീവന്‍ കാത്ത കരുതല്‍; ഉമ്മന്‍ ചാണ്ടിക്ക് നന്ദി പറഞ്ഞ് മാതാപിതാക്കള്‍

Jaihind News Bureau
Sunday, August 30, 2020

 

കോട്ടയം : അടിയന്തരശസ്ത്രക്രിയ ആവശ്യമുള്ള 5 ദിവസം പ്രായമായ കുരുന്നിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് വെല്ലൂരില്‍ ചികിത്സ ലഭ്യമാക്കിയിരുന്നു. ആറന്മുള ഇടശേരിമല കാരുവേലില്‍ ജോര്‍ജ് മത്തായി ടീന ദമ്പതികളുടെ മകള്‍ക്കാണ് അദ്ദേഹത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് യഥാസമയം ചികിത്സ നല്‍കാനായത്. തങ്ങളുടെ പൊന്നോമനയുടെ ജീവന്‍ കാക്കാന്‍ ജാഗ്രതയോടെ ഇടപെട്ട    ഉമ്മന്‍ ചാണ്ടിയുടെ കരുതലിന് നന്ദി പറഞ്ഞ് അദ്ദേഹത്തെ കാണാനായി ജോര്‍ജ് മത്തായിയും ടീനയും കുഞ്ഞുമായെത്തി.

സുഷുമ്‌ന നാഡിയില്‍ മാരകമായ തകരാറിന് പുറമെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുഞ്ഞിനുണ്ടായിരുന്നു. തങ്ങളുടെ കുഞ്ഞ് ജീവിതകാലം മുഴുവന്‍ ചലനമറ്റ് കിടക്കുമെന്ന് അറിഞ്ഞതോടെ വിഷമത്തിലായ മാതാപിതാക്കള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ വലിയ ആശ്വാസമാണ് നല്‍കിയത്. ചെന്നൈയിലും വെല്ലൂരിലും  കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ സഹായം മാതാപിതാക്കള്‍ അഭ്യർത്ഥിച്ചത്.

തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. വിജയ്ഭാസ്‌കറുമായി ഫോണില്‍ സംസാരിക്കുകയും  വെല്ലൂര്‍ സി.എം.സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ സൂരജ് മാത്യുവാണ് ദൗത്യം ഏറ്റെടുത്ത് അതിവേഗം കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്.