കളമശ്ശേരി, പരവൂർ നഗരസഭകള്‍ യുഡിഎഫിന് ; സീമാ കണ്ണനും പി.ശ്രീജയും അധ്യക്ഷമാർ

Jaihind News Bureau
Monday, December 28, 2020

കൊല്ലം : കളമശ്ശേരി, പരവൂർ നഗരസഭകള്‍ യുഡിഎഫിന്. കളമശ്ശേരിയില്‍ സീമാ കണ്ണനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 20 വീതം വോട്ടുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. 41 അംഗ നഗരസഭയിൽ എൽഡിഎഫിന് 20 ഉം യുഡിഎഫിന് 19 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഒരു വിമതന്‍റെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെയാണ് 20 -20 എന്ന നിലയിലേക്ക് അംഗസംഖ്യ ഒപ്പമെത്തിയത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നു.

പരവൂരില്‍ പി. ശ്രീജ ചെയർപേഴ്സണായി. വോട്ടെടുപ്പിൽ ഇരുമുന്നണികളും തുല്ല്യനിലയിൽ ആയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. വർഷങ്ങൾ നീണ്ട ഇടതുഭരണത്തിന് വിരാമമിട്ടാണ് പരവൂർ നഗരസഭാ ഭരണത്തിലേക്ക്  പി .ശ്രീജയിലൂടെ യുഡിഎഫ് കടക്കുന്നത്. ഉച്ച കഴിഞ്ഞ്  വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും. മുസ്ലീം ലീഗിലെ ജെ. ഷെരിഫാണ് യുഡിഎഫ് സ്ഥാനാർത്ഥി.