പാനൂർ ബോംബ് സ്ഫോടനം; മൂന്ന് പ്രതികള്‍ക്ക് ജാമ്യം, കേസിൽ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ്

Jaihind Webdesk
Friday, July 5, 2024

 

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടന കേസിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ മൂന്ന് പ്രതികൾക്ക് ജാമ്യം. അരുൺ, ഷിബിൻ ലാൽ , അതുൽ എന്നിവർക്കാണ് ജാമ്യം. സംഭവം നടന്ന് 90 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീ. ചീഫ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നു എന്നായിരുന്നു കേസ് . കേസിലെ 12 പേരിൽ 11 പേരും അറസ്റ്റിലായി. സംഭവത്തിൽ ഗുരുതര പരുക്കേറ്റ ഒരാൾ മരിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പോലീസ് പിടികൂടിയത്. സ്ഫോടനത്തിൽ പരുക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. കേസില്‍ മുഴുവൻ പ്രതികളും പിടിയിലായിട്ടും പോലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.