Kannur| പാനൂര്‍ ബോംബ് കേസ് പ്രതിക്ക് സി.പി.എമ്മില്‍ സ്ഥാനക്കയറ്റം; ബ്രാഞ്ച് സെക്രട്ടറിയാക്കി

Jaihind News Bureau
Tuesday, September 9, 2025

കണ്ണൂരില്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സി.പി.എം. പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി അമല്‍ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവര്‍ത്തിക്കാനുള്ള അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം.

ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത അമല്‍ ബാബുവിനെ പാര്‍ട്ടി അന്വേഷണത്തിന് ഒടുവില്‍ തിരിച്ചെടുക്കുകയായിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാണ് തിരിച്ചെടുക്കല്‍.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ പാനൂര്‍ പുളിയതോടിന് അടുത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15 പ്രതികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്. പതിനഞ്ച് പ്രതികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.