സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടിക പുതുക്കൽ നടക്കുന്നതിനിടെ, പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് വിമര്‍ശനം

Jaihind News Bureau
Thursday, June 11, 2020

സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ  വോട്ടർ പട്ടിക പുതുക്കൽ നടക്കുമ്പോഴാണ് നടപടി.  ജനറൽ ട്രാൻസ്ഫറിന്‍റെ പേരിലാണ് പഞ്ചായത്ത് സെക്രട്ടറിമാറെ സ്ഥലം മാറ്റുന്നത്. എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തരം ട്രാൻസ്ഫർ പാടില്ലെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടപടിയെന്നും വിമർശനമുണ്ട് .

231 പഞ്ചായത്ത് സെക്രട്ടറിമാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഇവരില്‍ ട്രാൻസ്ഫർ അപേക്ഷ നൽകിയവരുടെ കൂട്ടത്തിൽ ഭരണ സൗകര്യം എന്ന പേരില്‍ അപേക്ഷ നൽകാത്തവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. സര്‍വീസില്‍ ഒരു വർഷം മാത്രമായ ജീവനക്കാരെയും സ്ഥലം മാറ്റി.  സ്ത്രീകളെന്ന പരിഗണനയും നൽകുന്നില്ല. മാനുഷിക പരിഗണന പോലും നല്‍കാതെയാണ് സ്ഥലമാറ്റം. നടപടിയില്‍ സാധാരണ ജീവനക്കാർ ബലിയാടാകുന്നുവെന്നും പരാതി ഉയരുന്നു.

സ്ഥലംമാറ്റം നൽകിയിട്ടും മുമ്പ് സേവനം അനുഷ്ഠിച്ച ഓഫീസിൽ ആവശ്യമെങ്കിൽ സഹായിക്കണമെന്ന നിർദ്ദേശവുമുണ്ട്. പഞ്ചായത്തുകളിലെ വോട്ടർ പട്ടികയിൽ സംശയമുണ്ടെങ്കില്‍  ഇടപെടണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പ്രതിപക്ഷ യൂണിൻ പ്രവർത്തകരെയാണ് രാഷ്ട്രീയ താൽപര്യത്തിൽ സ്ഥലം മാറ്റുന്നതെന്നാണ് ആക്ഷേപം. ഓക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടെങ്കിൽ അതിനു മുന്‍പ് സ്വന്തം പാർട്ടിക്കാരെ നിയമിക്കാനാണ് സർക്കാർ നീക്കമെന്നും വിമര്‍ശനം ഉയരുന്നു.