
ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനിടെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍, വനിതാ ശിശുവികസന വകുപ്പിലെ ഒരു കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലറെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.
ഇരയായ കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരെ കുട്ടിയുടെ മാതാവ് ഗുരുതരമായ പരാതി നല്‍കിയിരുന്നു. കൗണ്‍സിലിംഗിനിടെ ഇവര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു മാതാവിന്റെ പരാതി. ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് കോടതിയും തങ്ങളുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. കോടതിയുടെ നിരീക്ഷണത്തെയും മാതാവിന്റെ പരാതിയെയും തുടര്‍ന്നാണ് വനിതാ ശിശുവികസന വകുപ്പ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
ബിജെപി നേതാവ് കെ. പത്മരാജന്‍ കണ്ണൂരിലെ ഒരു സ്‌കൂളില്‍ വെച്ച് നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് കേസ് വലിയ വിവാദമായി മാറുകയും ഹൈക്കോടതിയുടെ ഇടപെടല്‍ വരെ ഉണ്ടാകുകയും ചെയ്തു. ഒടുവില്‍, 2025 നവംബറില്‍ തലശ്ശേരി പോക്‌സോ കോടതി പ്രതി കെ. പത്മരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.