പാലത്തായി പീഡനം : പ്രതിക്ക് ജാമ്യം അനുവദിച്ച പോക്സോ കോടതി വിധി ശരിവെച്ച് ഹൈക്കോടതി

Jaihind News Bureau
Wednesday, September 9, 2020

കണ്ണൂർ : പാലത്തായി കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് ഇരയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലം ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് നേരത്തെ കോടതിയെ അറിയിച്ചത്. കേസില്‍ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു.