രാഷ്ട്രീയ രക്ഷാകവചം തകര്‍ന്നു; പാലത്തായി കേസില്‍ നീതിയുടെ വിധി; കെ. പത്മരാജന് 40 വര്‍ഷം തടവും പിഴയും

Jaihind News Bureau
Saturday, November 15, 2025

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച കണ്ണൂര്‍ പാലത്തായിയിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പോക്‌സോ കുറ്റങ്ങള്‍ക്കായി 40 വര്‍ഷം തടവാണ് കോടതി വിധിച്ചത്. 376 എബി (ബലാത്സംഗം), പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കോടതി വിധി. കേസില്‍ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആദ്യം നടത്തിയ പോലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു കണ്ടെത്തല്‍. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ 15-ന് ഒളിവില്‍ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പോക്‌സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയെങ്കിലും, 2021 മേയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

2024 ഫെബ്രുവരിയില്‍ തുടങ്ങിയ വിചാരണക്കൊടുവിലാണ് പോക്‌സോ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ നടന്ന വാദത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു. ശിശുദിനത്തില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചു എന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു. എന്നാല്‍, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍, കേസിന്റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നല്‍കി.