വിവാദങ്ങള്‍ മറയ്ക്കാന്‍ സർക്കാരിന്‍റെ രാഷ്ട്രീയ പ്രതികാരം ; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന് കേസുകളില്‍ പ്രതിരോധത്തിലായതിനു പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പ്രതികാരനടപടിയുമായി സര്‍ക്കാര്‍. പാലാരിവട്ടംപാലം കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഘട്ടത്തില്‍ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. എന്നാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദംമൂലം അറസ്റ്റ് നടപടികളിലേക്ക് വിജിലന്‍സ് കടക്കുകയായിരുന്നു.

അതേസമയം  ആശുപത്രിയില്‍ വെച്ചാണ് ഇബ്രാഹിംകുഞ്ഞിന്‍റെ  അറസ്റ്റ് രേഖപ്പെടുത്തിയത്.  നിലവില്‍ ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുമായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു അറസ്റ്റ് . ഇന്നലെ രാത്രിയാണ് ഇബ്രാഹിംകുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് പത്തംഗ വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിലാണെന്ന് അറിയുന്നത്. തുടര്‍ന്ന് വനിതാ പൊലീസിനെ എത്തിച്ച് വീട്ടില്‍ കടന്ന് പരിശോധന നടത്തിയിരുന്നു. എംഎല്‍എ ആശുപത്രിയിലാണെന്നും വീട്ടില്‍ സ്ത്രീകള്‍ മാത്രമേയുള്ളൂ എന്നും പറഞ്ഞതിനെ തുടര്‍ന്ന് ആലുവ സ്റ്റേഷനില്‍ നിന്നു നാലു വനിത പൊലീസുകാരെ വിളിച്ചു വരുത്തിയ ശേഷമാണ് സംഘം അകത്തു കടന്നത്.

Comments (0)
Add Comment