പാലക്കാട് മെഡിക്കല്‍ കോളേജ് ഒ.പി തുറന്നു ; നാടിന് ആശ്വാസം, യു.ഡി.എഫിന് അഭിമാനം : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, February 4, 2021

 

പാലക്കാട് ജില്ല ഏറെ നാളായി കാത്തിരിക്കുന്ന മെഡിക്കല്‍ കോളേജിന്‍റെ ഒ.പി തുറന്നത് നാട്ടുകാർക്ക് ഏറെ ആശ്വാസകരമാകുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ 2014 ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജാണിത്. അത് ഉദ്ഘാടനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചുവെന്നും ഇത്തരത്തിലൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായതില്‍ യു.ഡി.എഫിന് അഭിമാനമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി എ.പി അനില്‍കുമാർ  സ്തുത്യര്‍ഹമായ പങ്കുവഹിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും പണി തീര്‍ന്ന മുറികള്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു. ഒ.പി ബ്ലോക്ക് തുറക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. പരിമിതമായ തോതിലാണെങ്കിലും ഇപ്പോള്‍ ഒ.പി തുറന്നത് വിദഗ്ധചികിത്സയ്ക്ക് തൃശൂരിലും കോയമ്പത്തൂരിലും പോകേണ്ടിവന്നിരുന്ന പാലക്കാട്ടുകാര്‍ക്ക് വളരെ ആശ്വാസകരമാണ്.

 

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

കാത്തിരിപ്പിനൊടുവില്‍ പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിമിതമായ തോതിലാണെങ്കിലും ഒപി തുറന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയാണ്.

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ 2014ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളജാണിത്. ഇത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം അന്ന് എനിക്കു ലഭിച്ചിരുന്നു.

ഈ മെഡിക്കല്‍ കോളജിലെ 70 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കാണ്. 2 ശതമാനം പട്ടികവര്‍ക്കാര്‍ക്കും 8 ശതമാനം എസ്.സി.ബി.സിക്കുമാണ്. പൊതുവിഭാഗത്തിന് 20 ശതമാനം സീറ്റുണ്ട്.

ഈ കോളജില്‍ നിന്ന് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനിടയില്‍ നിന്ന് 80 ഡോക്ടര്‍മാരാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇങ്ങനെയൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായതില്‍ യുഡിഎഫിന് ഏറെ അഭിമാനമുണ്ട്. പട്ടികജാതി പട്ടിക മന്ത്രി എപി അനില്‍കുമാറിര്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.

വിദഗ്ധചികിത്സയ്ക്ക് തൃശൂരിലും കോയമ്പത്തൂരിലും പോകുന്ന പാലക്കാട്ടുകാര്‍ക്ക് ഇതൊരു അത്താണിയുമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലവാരത്തിലേക്ക് ഈ മെഡിക്കല്‍ കോളജ് എത്താനുള്ള കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

https://www.facebook.com/story.php?story_fbid=10158017021651404&id=317650406403