യു എസിലെ ലോസ് ഏഞ്ചല്‍സില്‍ അവധി ആഘോഷിക്കാനെത്തിയ പാക്കിസ്ഥാന് നയതന്ത്രജ്ഞനെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. വീസ അനുമതിയും നിയമപരമായ എല്ലാ യാത്രാ രേഖകളും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നിട്ടും ഇമിഗ്രേഷന്‍ നല്കാന് യു എസ് അധികൃതര്‍ തയ്യാറായില്ല. ലോസ് ഏഞ്ചല്‍സിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയ കെ കെ അഹ്സാന് വാഗനെയാണ് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്.
തുര്‍ക്ക്മെനിസ്ഥാനിലെ പാകിസ്ഥാന് അംബാസഡറാണ് ഇദ്ദേഹം. വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കിയതിന്റെ വിശദാംശങ്ങള്‍ ഇതുവരെ യുഎസ് പുറത്തുവിട്ടിട്ടില്ല ‘വിവാദപരമായ പരാമര്‍ശങ്ങള്‍’ അദ്ദേഹത്തിന്റെ വീസയില്‍ കണ്ടെത്തിയതാണ് ഈ നടപടിക്കു കാരണമെന്ന് ചില അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ പറയുന്നു. ഏതെങ്കിലും രാജ്യത്തിന്റ നയതന്ത്രജ്ഞനെ ഇത്തരത്തില്‍ നാടുകടത്തുക പതിവില്ല. അപൂര്‍വമായ ഒരു നയതന്ത്ര സംഭവമാണിത്. പാക്കിസ്ഥാനും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇമിഗ്രേഷന്‍ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ തിരിച്ചയച്ചു എന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന് പറയുന്നത്.
പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനേയും സെക്രട്ടറി ആമിന ബലോച്ചിനേയും ഔദ്യോഗികമായി യു എസ് വിവരം അറിയിച്ചു. ലോസ് ഏഞ്ചല്‍സിലെ കോണ്‍സുലേറ്റിനോട് ഇക്കാര്യം അന്വേഷിക്കാന്‍ പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാഹചര്യം വിശദീകരിക്കാന്‍ വാഗനെ ഇസ്ലാമാബാദിലേക്ക് തിരികെ വിളിക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു.
തുര്‍ക്ക്മെനിസ്ഥാനിലേക്കുള്ള സ്ഥാനപതിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ്, വാഗന് കാഠ്മണ്ഡുവിലെ പാകിസ്ഥാന് എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ലോസ് ഏഞ്ചല്‍സിലെ പാകിസ്ഥാന് കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പാകിസ്ഥാന് യാത്രാ വിലക്ക് പ്രഖ്യാപിച്ചേക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്ക് പൗരന്മാര്ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന നടപടിയാണിത്. എന്നാല്‍ ഇത് ഔദ്യോഗികമായി നിലവില്‍ വന്നിട്ടില്ല