ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇത്തരം ഹര്‍ജികള്‍ സുരക്ഷാ സേനയുടെ മനോവീര്യം തകര്‍ക്കുമെന്നും ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്‍പ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമായിരുന്നുവെന്നും കോടതി ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ചു.
പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
‘ഇത്തരം പൊതുതാല്‍പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് മുന്‍പ് ഉത്തരവാദിത്തം കാണിക്കണം. രാജ്യത്തോടും നിങ്ങള്‍ക്ക് ചില കടമകളുണ്ട്. ഭീകരവാദത്തിനെതിരെ ഓരോ ഇന്ത്യക്കാരനും ഒരുമിച്ചുനില്‍ക്കുന്ന നിര്‍ണായക സമയമാണിത്. സേനയുടെ മനോവീര്യം കെടുത്തരുത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണം,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കലാണ് ജഡ്ജിമാരുടെ ജോലി, അന്വേഷണം നടത്തലല്ലെന്നും കോടതി വ്യക്തമാക്കി. ‘എന്നു മുതലാണ് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ വൈദഗ്ദ്ധ്യം ലഭിച്ചത്? വിരമിച്ച സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. അവര്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ മാത്രമേ സാധിക്കൂ. അത്തരമൊരു ഉത്തരവ് പാസാക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്,’ ഫത്തേഷ് കുമാര്‍ സാഹുവും മറ്റുള്ളവരും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ശാസിച്ചുകൊണ്ട് കോടതി പറഞ്ഞു.
കശ്മീരിന് പുറത്ത് പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെയും കോടതി വിമര്‍ശിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ‘നിങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? ആദ്യം വിരമിച്ച ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ പറയുന്നു. അവര്‍ക്ക് അന്വേഷിക്കാന്‍ കഴിയില്ല. പിന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നഷ്ടപരിഹാരം, പ്രസ് കൗണ്‍സിലിന് നിര്‍ദ്ദേശം എന്നിവ ആവശ്യപ്പെടുന്നു. രാത്രിയിലിരുന്ന് ഇതെല്ലാം വായിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു, ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ക്കായി സംസാരിക്കുന്നു,’ കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ചു, ജുഡീഷ്യറിയെ അത്തരം മേഖലകളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് നിരീക്ഷിച്ചു.ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച സുപ്രീം കോടതി, ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കശ്മീരിലെ സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ ഇത്, കൂട്ടക്കൊലയ്ക്ക് പിന്നില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യ ആരോപിക്കുന്ന സാഹചര്യത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. രണ്ട് ലഷ്‌കര്‍ ഭീകരരും ഒരു പ്രാദേശിക ഭീകരനും ചേര്‍ന്ന് നടത്തിയ ഈ ആക്രമണത്തെക്കുറിച്ച് നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തിവരികയാണ്.