ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും, ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം കേന്ദ്രഭരണ പ്രദേശത്തേക്കുള്ള തന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി ഖാര്‍ഗെ പറഞ്ഞു.
, ‘രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റി, സര്‍ക്കാര്‍ അത് അംഗീകരിക്കുകയും അത് പരിഹരിക്കുമെന്നും പറയുന്നു. അവര്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കില്‍, എന്തുകൊണ്ട് അവര്‍ ഒന്നും ചെയ്തില്ല?… ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രി മോദിക്ക് ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അയച്ചിരുന്നതായി എനിക്ക് വിവരം ലഭിച്ചു, അതുകൊണ്ടാണ് അദ്ദേഹം കശ്മീര്‍ സന്ദര്‍ശിക്കാനുള്ള തന്റെ പരിപാടി റദ്ദാക്കിയത്, ഞാനിത് മാദ്ധ്യമങ്ങളിലും വായിച്ചു… നിങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ സഞ്ചാരികള്‍ക്കും ഏര്‍പ്പെടുത്തിയില്ല?’ ഖാര്‍ഗെ ചോദിച്ചു.
പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ രഹസ്യാന്വേഷണ വീഴ്ചയുണ്ടായതായി സര്‍ക്കാര്‍ സമ്മതിച്ചതായും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിന് സമീപമുള്ള ബൈസരണ്‍ പ്രദേശം, സാധാരണയായി ജൂണിലെ അമര്‍നാഥ് യാത്ര വരെ അടച്ചിടാറുള്ളതാണ്. എന്നാല്‍ ഇത് തുറക്കുന്നതിന് മുന്‍പ് പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ശ്രീനഗറിന് പുറത്തുള്ള സബര്‍വാന്‍ മലനിരകളുടെ താഴ്വരയിലെ ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം ആദ്യം പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയില്‍ ഭീകരര്‍ ഇത്തരമൊരു ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചനകളുണ്ടായിരുന്നു. കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യാനായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. എന്നാല്‍, കത്ര മേഖലയില്‍ അതിവേഗ കാറ്റിന് സാധ്യതയുണ്ടെന്ന പ്രതികൂല കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് ഏപ്രില്‍ 19ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറ്റിവച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതായിരുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്രയും ഗൗരവമായ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അഭാവം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.