പഹല്‍ഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചിട്ടുണ്ട്

Jaihind News Bureau
Thursday, May 8, 2025

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചിട്ടുണ്ടെന്ന് സൂചന. വളരെ ഗൗരവത്തോടെയാണ് പോലീസ് ഈ വിവരത്തെ കാണുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലാത്തതിനാല്‍ കേരളാ പോലീസിന് അന്വേഷണത്തിന് പരിധികളുണ്ട്. മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പോലീസിന്റെ പക്കലുള്ളത്. എങ്കില്‍ പോലും ഒരു പ്രാഥമിക അന്വേഷണത്തിന് മുതിരണമെന്നാണ് കേരള പോലീസിന്റെ തീരുമാനം.

2002 ല്‍ സജ്ജാദ് ഡല്‍ഹി പോലീസിന്റെ പിടിയിലാവുകയും 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. അതിന് മുമ്പായിരിക്കാം ഇയാള്‍ കേരളത്തില്‍ വന്നിരിക്കാന്‍ സാധ്യത എന്നാണ് കരുതുന്നത്. ആദ്യം ബാംഗ്ലൂരില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി. ശേഷം ലാബ് ടെക്‌നീഷന്‍ കോഴ്‌സ് ചെയ്യാനായി കേരളത്തില്‍ എത്തി. കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം ശ്രീനഗറിലേക്ക് തിരിച്ചു പോവുകയും അവിടെ ചെന്ന് ലബോറട്ടറി തുടങ്ങുകയുമായിരുന്നു. ഇതിനെല്ലാം ശേഷമാണ് ഭീകരവാദ സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും അവരെ സഹായിക്കാനുള്ള ഫണ്ടിങ് നടത്തുകയുമൊക്കെ ചെയ്തത്. പിന്നീടാണ് ആര്‍ഡിഎസ് കൈവശം വെച്ചതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കേരളത്തില്‍ വന്നപ്പോള്‍ ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും തിരികെ പോയതിനു ശേഷം കേരളത്തില്‍ ആരുമായെങ്കിലും ബന്ധം തുടര്‍ന്നിരുന്നോയെന്നും കേരള പോലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്നാല്‍ NIA അന്വേഷിക്കുന്ന കേസായതിനാല്‍ കേരള പോലീസിന് പരിമിതികളുണ്ട്. എങ്കിലും കേരളത്തിന്റെ സുരക്ഷയെ കരുതി ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിയും. അല്ലെങ്കില്‍ NIA നിര്‍ദേശിച്ചാല്‍ കേസ് അന്വേഷിക്കാന്‍ കേരളത്തിന് അധികാരം ലഭിക്കും.