ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണം രാജ്യ സുരക്ഷയ്‌ക്കെതിരെയുള്ള വെല്ലുവിളിയാണ്. ജമ്മു കാശ്മീരില്‍ സമാധാനം നിറഞ്ഞാടുകയാണ് എന്നൊക്കെ വീരവാദം മുഴക്കുമ്പോള്‍ ഒരിക്കലും അത് സാധ്യമല്ല എന്ന് തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്. ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിനെ ആശ്വസിപ്പിച്ചുകൊണ്ടും മതിയായ സുരക്ഷയൊരുക്കാത്ത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.
ഭീകരരുടെ ദുഷ്ട ഉദ്ദേശ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും സമാധാനത്തിന്റെയും മാനവികതയുടെയും നാടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടാവണമെന്നും സ്ഥിതി ശാന്തമാണെന്ന പൊള്ളയായ അവകാശവാദങ്ങള്‍ക്കു പകരം കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ലജ്ജാകരമെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും ഇത് പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണം ഒരേസമയം ഈ രാജ്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയും ഭീരുത്വത്തിന്റെ പ്രതീകവുമെന്ന് AICC ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഭൂമിയിലെ സ്വര്‍ഗ്ഗത്തെയും ഈ രാജ്യത്തിന്റെ സമാധാനത്തെയും വൈവിധ്യത്തെയും മറ്റൊരു വിധേനയും അസ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്ന ബോധ്യത്തില്‍ ഭീകര സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഈ ക്രൂരകൃത്യമെന്നും പ്രതികരിച്ചു.
പഹല്‍ഗാം ഭീകരാക്രമണം രാജ്യസുരക്ഷയ്‌ക്കെതിരെയുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായതെന്നും ഭീകരവാദികളെ അമര്‍ച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാനതകളില്ലാത്ത ക്രൂരതയെന്നും മനുഷ്യരാശിക്കു നേരെയുള്ള അതിക്രമമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കശ്മീരിന്റെ ചരിത്രത്തില്‍ എന്നെന്നും തീരാകളങ്കമായി നില കൊള്ളും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ കണ്ണീരോടെ പങ്കു ചേരുന്നുവെന്നും അദ്ദേഹം അനുശോചിച്ചു.
ഇന്ത്യ മഹാരാജ്യത്തെ തകര്‍ക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നേറണമെന്ന് ഷാഫി പറമ്പില്‍ എം. പി. നാടിന്റെ സമാധാനത്തെയും മനുഷ്യരുടെ വിലപ്പെട്ട ജീവനെയും ഇല്ലായ്മ ചെയ്യാന്‍ ആയുധം കൊണ്ടുറങ്ങുന്ന ഒരു പ്രത്യയ ശാസ്ത്രത്തെയും ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഒരിക്കലും ഉള്‍ക്കൊള്ളാനും ന്യായീകരിക്കാനും കഴിയില്ല. അത് ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണ്. രാജ്യത്തിന്റെ മനസാക്ഷിക്കും രാജ്യത്തെയും ലോകത്ത് തന്നെ സമാധാനം ആഗ്രഹിക്കുന്ന ഒരാള്‍ക്കും അംഗീകരിക്കുവാന്‍ കഴിയാത്തതാണ് ഇന്നലെ കാശ്മീരില്‍ ഉണ്ടായ ഭീരകരാക്രമണമെന്ന് ഷാഫി പറമ്പിൽ എം പി തലശേരിയിൽ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 29 ആയി. 26 പേരെ തിരിച്ചരിഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായും വിവരമുണ്ട്. അതേസമയം ആക്രമണത്തില്‍ മരിച്ച ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് 11.30ഓടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.