പഹല്‍ഗാം അക്രമികള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയ ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം ബീഹാറിലെ മധുബാനിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പതിവു തെറ്റിച്ച് ഹിന്ദിയില്‍ ആയിരുന്നില്ല ഇംഗ്ലീഷ് ഭാഷയിലായിരുന്നു പ്രസംഗം.
‘ ബീഹാറിന്റെ മണ്ണില്‍, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു, ഇന്ത്യ ഈ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങള്‍ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താല്‍ ഒരിക്കലും തകര്‍ക്കപ്പെടില്ല,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂട്ടക്കൊലയില്‍ ജീവന് നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കി. ഭീകരര്‍ ഇത് സങ്കല്പ്പിക്കാന് പോലും കഴിയാത്തത്ര കഠിനമായ ശിക്ഷയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ രാജ്യവും ഈ ദൃഢനിശ്ചയത്തിലാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ട്, മോദി പറഞ്ഞു. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. താഴ്വരയിലെ അപ്രതീക്ഷിത ആക്രമണം വിനോദസഞ്ചാരികളുടെ കൂട്ട പലായനത്തിന് കാരണമായി.
ആക്രമണം നടന്നപ്പോള്‍ സൗദി അറേബ്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി തന്റെ യാത്ര റദ്ദാക്കി ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ (CCS) യോഗത്തിന് ശേഷം, പാകിസ്ഥാനെതിരെ അഞ്ച് തലങ്ങളിലുള്ള നയതന്ത്ര നടപടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാന് വിശ്വസനീയമായി ഉപേക്ഷിക്കുന്നതുവരെ സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്ത്യ പ്രഖ്യാപിച്ചു. അട്ടാരി-വാഗ ചെക്ക്പോസ്റ്റ് അടച്ചുപൂട്ടി. ഹൈക്കമ്മീഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു, ഡല്‍ഹിയിലെ പാകിസ്ഥാന് നയതന്ത്രജ്ഞരെ തിരിച്ചയച്ചു. പാകിസ്ഥാന് പൗരന്മാര്ക്ക് ഇന്ത്യന്‍ വീസ അനുവദിക്കില്ല എന്നീ നടപടികളാണ് ബുധനാഴ്ച നിലവില്‍ വന്നത്