പഹല്‍ഗാം ആക്രമണം: പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ശരദ് പവാര്‍; പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ; സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം

Jaihind News Bureau
Wednesday, April 30, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന്NCP  മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഈ ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആദ്യമായി കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നപ്പോള്‍, സായുധ സേനയ്ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സംയമനം പാലിക്കണമെന്ന് ലോക നേതാക്കള്‍ ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ എന്‍സിപി (എസ്പി) മേധാവി ശരദ് പവാര്‍ പിന്തുണച്ചു, രാജ്യം ഐക്യത്തിലാണെന്ന സന്ദേശം ഇത് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ടരയിലെ താനെ ‘തുല്‍ജ ഭവാനി’ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍, കശ്മീരിലെ വിനോദസഞ്ചാരികളുടെ കൂട്ടക്കൊല രാജ്യത്തിനെതിരായ ആക്രമണമാണെന്ന് പവാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് നടപടികളേയും പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ ശക്തമായ നടപടികളാണ് പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുള്ളത്. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും, സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറുകയും, നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനത്തെ ചെറുക്കുകയും ചെയ്യുന്നു. വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച ഇന്ത്യ, പാകിസ്ഥാനുമായിഎല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്.

ഉന്നതതല യോഗങ്ങള്‍; മന്ത്രിസഭാ വിശദീകരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ഉള്‍പ്പെടെ നിരവധി ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു. രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ), സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) എന്നിവയുടെ യോഗങ്ങളിലും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. ഈ യോഗങ്ങളിലെ തീരുമാനങ്ങളെക്കുറിച്ച് വിശദമായ മന്ത്രിസഭാ വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.