പദ്മകുമാറിന് മനംമാറ്റം; അങ്ങനെ വേണ്ടായിരുന്നെന്ന് പ്രതികരണം

Jaihind News Bureau
Tuesday, March 11, 2025

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ സിപിഎം നേതാക്കളെ പരസ്യമായി കുറ്റപ്പെടുത്തിയ പത്തനം തിട്ട ജില്ലാക്കമ്മിറ്റി അംഗം എ പദ്മകുമാറിന് മനംമാറ്റം. പരസ്യമായ അഭിപ്രായപ്രകടനം അത്ര വേണ്ടായിരുന്നു എന്നാണ് പദ്മകുമാറിന്റെ ഇന്നത്തെ നിലപാട്. നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയി. വൈകാരികമായ പ്രതികരമാണ് ഉണ്ടായതെന്നും അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു.

അമ്പത്തിരണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് തന്നെ ഇതുവരെ എത്തിച്ചത്. പാര്‍ട്ടിക്കു പുറത്തായാലും മറ്റൊരു രാഷ്ട്രീയത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അടുത്ത ദിവസം നടക്കുന്ന ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും . അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. വീണാ ജോര്‍ജ്ജിനോടോ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിനോടോ തനിക്ക് ഒരു തരത്തിലുമുള്ള അകല്‍ച്ചയില്ല. രാജു ഏബ്രഹാം വീട്ടിലെത്തിയതിലും പരിഗണനയിലും താന്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു

പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള തരത്തിലേതെങ്കിലും ശ്രദ്ധ കിട്ടാനായിരിക്കും ബി ജെ പി ക്കാര്‍ വീട്ടിലെത്തിയതെന്നും അദ്ദേഹം പരറഞ്ഞു. അവര്‍ വീട്ടിലെത്തിയപ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നു. അവര്‍ വീട്ടില്‍ വന്ന് ഫോട്ടോ എടുത്താണ് പോയതതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീടും ഗേറ്റുമെല്ലാം എല്ലാസമയത്തും തുറന്നാണ് കിടക്കുക. ആര്‍ക്കും കടന്നുവരാമെന്ന പതിവാണിവിടെയുളളത്. .തന്റെ പേരില്‍ പ്രശസ്തരാവാനാണ് ബി ജെ പി ജില്ലാ നേതാക്കള്‍ ശ്രമിച്ചതെന്നും അദ്ദേഹംകുറ്റപ്പെടുത്തി.