ലക്ഷദ്വീപില്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന നിയമ പരിഷ്കാരങ്ങള്‍ക്കെതിരെ പത്മജ വേണുഗോപാല്‍

Jaihind Webdesk
Wednesday, May 26, 2021

ലക്ഷദ്വീപിലെ ജനങ്ങളെ ലക്ഷ്യം വച്ച് അഡ്മിന്സ്ട്രേറ്റർ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. രാജ്യത്ത് ഫാസിസം ദിനംപ്രതി വർധിച്ചു വരുന്നു എന്നതിന്‍റെ തെളിവാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന കിരാത നിയമ പരിഷ്കാരങ്ങളെന്ന് പത്മജ പറഞ്ഞു.  ഭരണകൂട ഭീകരതയും മനുഷ്യാവകാശലംഘനങ്ങളും ആണ്‌ ലക്ഷദ്വീപിൽ നിയമിക്കപ്പെട്ട ബിജെപി നോതാവും ഗുജറാത്ത് മുൻ മന്ത്രിയുമായ  പ്രഫുൽ പട്ടേൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ബിജെപി ഭരണത്തിൻ കീഴിൽ രാജ്യത്ത് ഫാസിസം ദിനം പ്രതി വർധിച്ചു വരുന്നു എന്നതിന്റെ തെളിവാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്ന കിരാത നിയമ പരിഷ്കാരങ്ങൾ.. ഭരണകൂട ഭീകരതയും മനുഷ്യാവകാശലംഘനങ്ങളും ആണ്‌ ലക്ഷദ്വീപിൽ നിയമിക്കപ്പെട്ട ബിജെപി ക്കാരനും ഗുജറാത്ത് മുൻ മന്ത്രിയുമായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നത്..
ഐഎഎസ് റാങ്ക് ഉള്ള ഉദ്യോഗസ്ഥരാണ് മുമ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാരായി നിയമിക്കപ്പെട്ടിരുന്നത് എങ്കിൽ ആ മാനദണ്ഡം ലംഘിച്ച് ലക്ഷദ്വീപിൽ കാവി നിയമങ്ങൾ നടപ്പിലാക്കാൻ ഒരു ബിജെപികാരനെ തന്നെ ആണ് അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചത്
ബീഫ് നിരോധനം, അംഗൻവാടി കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മാംസാഹാരം ഒഴിവാക്കുക, ഫാമുകൾ അടച്ചുപൂട്ടുക, തദ്ദേശസ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുക, സമാധാനം നിലനിൽക്കുന്നതും കുറ്റകൃത്യങ്ങൾ കുറവുള്ളതുമായ ദ്വീപിൽ ഗുണ്ടാ ആക്ട് തുടങ്ങിയ നിയമങ്ങൾ നടപ്പിലാക്കി മോദി ഭക്തനും ആർഎസ്എസുകാരനുമായ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിനെ കാവിവൽക്കരിക്കാനാണ് ശ്രമിക്കുന്നത് .
സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ മേൽ ഫാസിസ്റ്റ് നിയമങ്ങൾ നടപ്പാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണം.. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഭാഗത്തുനിന്ന് നരേന്ദ്ര മോദിയുടെ ഒത്താശയോടെ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന വർഗീയ അജണ്ടപരമായ വികല നിയമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല..
സേവ് ലക്ഷദ്വീപ്.. 🙏
പത്മജ വേണുഗോപാൽ, കെപിസിസി വൈസ് പ്രസിഡന്റ്