നേട്ടമുണ്ടായാല്‍ ക്രെഡിറ്റ് ടീച്ചറമ്മയ്ക്ക്, കുറ്റമെല്ലാം ജനങ്ങള്‍ക്ക് ; ആരോഗ്യമന്ത്രി ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് പദ്മജ വേണുഗോപാല്‍

Jaihind News Bureau
Saturday, September 12, 2020

 

കൊവിഡുമായി ബന്ധപ്പെട്ട് പൊള്ളയായ അവകാശ വാദങ്ങളുയർത്തി പി.ആർ പ്രതിഛായയില്‍ വിലസിയ സര്‍ക്കാർ ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തിയപ്പോള്‍ കുറ്റം ജനങ്ങളുടെ മേല്‍ കെട്ടിവെച്ച് ഭീതി പരത്തുകയാണെന്ന്  കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാല്‍. കൊവിഡ് ക്രമാതീതമായി ഉയരുമെന്നും വെന്‍റിലേറ്ററുകള്‍ വേണ്ടത്ര ഇല്ല എന്നുമുള്ള ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പദ്മജ വേണുഗോപാലിന്‍റെ പ്രതികരണം.

ടെസ്റ്റുകളുടെ എണ്ണം കുറവായിരുന്നപ്പോഴാണ് ഇവിടെ കൊവിഡ് രോഗികളുടെ എണ്ണവും കുറഞ്ഞിരുന്നത്. ഇതിനെ സര്‍ക്കാരിന്‍റെ നേട്ടമായി പി.ആർ ഏജന്‍സികളെ ഉപയോഗിച്ച് വാഴ്ത്തിപ്പാടി ആഘോഷിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പ്രസ്താവന നടത്തുകയാണ് ചെയ്യുന്നത്. 2 ലക്ഷം കിടക്കകള്‍ തയാറാണ് എന്നുപറഞ്ഞവരാണ് ഇപ്പോള്‍ സര്‍ക്കാർ നിസഹായരാണ് എന്നുപറഞ്ഞ് ജനങ്ങളെ കൈവിട്ട തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്.

രോഗ വ്യാപനം മുൻകൂട്ടി കാണാതെ അമിത അവകാശവാദം ഉന്നയിച്ച് പ്രശസ്തി നേടാൻ ശ്രമിച്ചതും  സർക്കാരിന്‍റെ പിടിപ്പുകേടും ജാഗ്രതക്കുറവും ദീർഘവീക്ഷണമുള്ള പദ്ധതികൾ ഇല്ലാത്തതുമാണ് കേരളത്തിലെ കൊവിഡ് രംഗത്തെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പദ്മജ വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ മുൻ കരുതലുകൾ എടുത്ത്, ചികിത്സാ സജ്ജീകരണങ്ങൾ വർധിപ്പിച്ച് ജനങ്ങൾക്ക് ധൈര്യം ലഭിക്കുന്ന വാക്കുകളാണ് മന്ത്രി നടത്തേണ്ടതെന്നും പദ്മജ വേണുഗോപാല്‍ ഫേസ്ബക്ക് പോസ്റ്റില്‍ പറയുന്നു.

 

പദ്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ ജനങ്ങളെ ഭയപ്പെടുത്തുന്നു..ആശുപത്രിയിൽ കിടക്കുന്ന രോഗികൾ മന്ത്രിയുടെ പ്രസ്താവന അറിയാതിരിക്കാൻ ശ്രദ്ധിക്കണം, അല്ലെങ്കിൽ മന്ത്രി പറഞ്ഞത് കേട്ട് രോഗികൾ ഭയപ്പെടും

ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ ജനങ്ങളെ ഭയപ്പെടുത്തുന്നു..ആശുപത്രിയിൽ കിടക്കുന്ന രോഗികൾ മന്ത്രിയുടെ പ്രസ്താവന അറിയാതിരിക്കാൻ ശ്രദ്ധിക്കണം, അല്ലെങ്കിൽ മന്ത്രി പറഞ്ഞത് കേട്ട് രോഗികൾ ഭയപ്പെടും
കോവിഡ് ക്രമാതീതമായി ഉയരുമെന്നും വെന്റിലേറ്ററുകൾ വേണ്ടത്ര ഇല്ല എന്നും മരണനിരക്ക് ഉയരുമെന്നുമുള്ള മന്ത്രി ഷൈലജയുടെ പ്രസ്താവന പ്രതീക്ഷകൾ നഷ്ടപ്പെടുത്തി ഭീതി പരത്തുന്നു
ജാഗ്രത മതി, കോവിഡിനെ നേരിടാൻ കേരളം എപ്പോഴും സജ്ജമാണ് എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുമ്പ് പറഞ്ഞത്.. എല്ലാം കൈവിട്ടു പോയി, ജനങ്ങൾ സ്വയം രക്ഷപെടുക, സർക്കാർ നിസ്സഹായർ എന്ന രീതിയിലാണ് ഇപ്പോൾ മന്ത്രി പറയുന്നത്.. കഷ്ടം !
പിണറായി വിജയനും ടീച്ചറമ്മയും ചേർന്ന് കോവിഡിനെ പിടിച്ചുകെട്ടി.. ലോകത്ത് കേരളം മാത്രമാണ് കോവിഡിനെ പ്രതിരോധിച്ചത്..PR ഏജൻസികളെ ഉപയോഗിച്ചുള്ള വാഴ്ത്തി പാട്ടുകളിലൂടെ
കോവിഡിനെ പിടിച്ചു കെട്ടിയ കേരളഭരണം എന്ന് പറഞ്ഞ് അവാർഡുകൾ ഏറെ വാരിക്കൂട്ടി .. പിണറായി വിജയൻ അമേരിക്കൻ പ്രസിഡൻറും ടീച്ചറമ്മ അമേരിക്കൻ ആരോഗ്യമന്ത്രിയും ആയിരുന്നെങ്കിൽ ആ രാജ്യം രക്ഷപെടുമായിരുന്നു എന്ന് വരെയായിരുന്നു ഭക്തർ തള്ളി മറിച്ചത്.

പക്ഷേ പറയാതിരിക്കാൻ നിർവാഹമില്ല..കേരള സർക്കാരിന്റെ പിടിപ്പു കേടും ജാഗ്രത കുറവും ദീർഘവീക്ഷണ പദ്ധതികൾ ഇല്ലായ്മയുമാണ് കേരളത്തിലെ കോവിഡ് രംഗത്തെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.
No.1 കേരള പദവി നേടാൻ വേണ്ടി ടെസ്റ്റുകളുടെ എണ്ണം പരമാവധി തുടക്കത്തിൽ കേരളം കുറയ്ക്കുന്ന കാഴ്ചയാണ് നാം കണ്ടത്.. മറ്റു സംസ്ഥാനങ്ങൾ കേരളത്തേക്കാൾ ടെസ്റ്റിൽ മുന്നേറിയപ്പോൾ അവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടി.. കേരളം ടെസ്റ്റിൽ 19 ആംസ്ഥാനത്തായിരുന്നു അന്ന്, അതിനാൽ ഇവിടെ സ്വാഭാവികമായും രോഗികൾ കുറഞ്ഞു.. കൂടാതെ മറുനാടൻ മലയാളികളെ കേരളത്തിൽ എത്തിക്കുന്നത് പരമാവധി വൈകിപ്പിച്ചു, അതും No.1 നേടാൻ ആയിരുന്നു.. കേരളത്തിൽ കോവിഡ് വ്യാപനം മുൻകൂട്ടി കാണാതെ അമിത അവകാശവാദം ഉന്നയിച്ച് പ്രശസ്തി നേടാൻ ശ്രമിച്ചതാണ് ഇന്ന് കേരളത്തിനുണ്ടായ ദുരവസ്ഥ ക്ക് കാരണം..

മന്ത്രിയുടെ മണ്ഡലത്തിൽ പോലും ചികിത്സ കിട്ടാതെ നവജാത ശിശു മരിക്കുന്നു.. കേരളത്തിൽ കോവിഡ് പ്രതിരോധ സമയത്ത് രോഗിയും നിരീക്ഷണത്തിലിരിക്കുന്നവരും ആരോഗ്യ വകുപ്പ് ജീവനക്കാരാൽ പീഡിപ്പിക്കപ്പെടുന്നു.. ജീവൻ പണയം വച്ച് പ്രവർത്തിക്കുന്ന ഡോക്ടറുമ്മാരുടെ ശമ്പളം വെട്ടി കുറയ്ക്കുന്നു.. കോവിഡ് മൂലം മരിച്ച രോഗികളുടെ എണ്ണം ദുരഭിമാനം മൂലം കുറച്ചു കാണിക്കുന്നു.. ഇവിടെ എല്ലാം കുത്തഴിഞ്ഞ അവസ്ഥയിൽ കാര്യങ്ങൾ..
2 ലക്ഷം ബെഡുകൾ ഇവിടെ റെഡി എന്ന് പറഞ്ഞവർ ഇപ്പോൾ എല്ലാം കൈവിട്ടു എന്ന സൂചന തരുന്നു.. എന്തെങ്കിലും ദുരന്തം വന്നാൽ ജനങ്ങളുടെ കുറ്റം, നേട്ടം വന്നാൽ അതിന്റെ ക്രഡിറ്റ് മന്ത്രി ടീച്ചറമ്മയ്ക്ക് – അതാണ് ഇവിടെ നടക്കുന്നത്
കൂടുതൽ മുൻ കരുതലുകൾ എടുത്ത്, ചികിത്സാ സജ്ജീകരണങ്ങൾ വർദ്ധിപ്പിച്ച് ജനങ്ങൾക്ക് ധൈര്യം ലഭിക്കുന്ന വാക്കുകളാണ് മന്ത്രി നടത്തേണ്ടത്. ജാഗ്രത പാലിക്കാൻ നാം എല്ലാവരും എപ്പോഴും ബാധ്യസ്ഥർ തന്നെ..

പത്മജ വേണുഗോപാൽ