നെയ്യാറ്റിന്‍കര സനല്‍ നേതൃത്വം നല്‍കുന്ന പദയാത്ര ഇന്ന് സമാപിക്കും

Jaihind News Bureau
Wednesday, March 4, 2020

തിരുവനന്തപുരം : ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന പ്രതിഷേധ ജ്വാലാ പദയാത്ര ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പതിനഞ്ച് ദിവസം നീണ്ടു നിന്ന യാത്രയിൽ ഉടനീളം ആയിരങ്ങളാണ് അണിനിരന്നത്.

പൗരത്വഭേദഗതി നിയമത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ശക്തമായാ താക്കീതായാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാലാ പദയാത്ര നടത്തിവന്നത്. സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം ജില്ലയെ അവഗണിച്ചതും പദയാത്രയില്‍ ഉയർത്തിക്കാട്ടി.

ഫെബ്രുവരി 19 ന് പാറശാല ജംഗ്ഷനിൽ നിന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്ര ഇന്ന് വര്‍ക്കലയിലെ പളളിക്കലില്‍ സമാപിക്കും. പദയാത്രയിലും പൊതുയോഗങ്ങളിലും വലിയ സ്വീകരണമാണ് ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിന് ലഭിച്ചത്. വൻ ജനപങ്കാളിത്തത്തോടെയുള്ള പദയാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ഭാരവാഹികളും, എം.പിമാരും, എം.എല്‍.എമാരുമടക്കം പ്രമുഖ നേതാക്കള്‍ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.