തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പിന്നാലെ അമ്മാവനും തൂങ്ങിമരിച്ചു

തിരുവനന്തപുരം: പാച്ചല്ലൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നാലെ മാതൃസഹോദരനും മരിച്ച നിലയില്‍. ഇന്നലെ മരിച്ച സഞ്ജയ്യുടെ അമ്മാവന്‍ രതീഷിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മനോവിഷമം കൊണ്ടുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പാച്ചല്ലൂരില്‍ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സഞ്ജയാണ് ഇന്നലെ മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ ഞെട്ടല്‍മാറും മുന്‍പാണ് സഞ്ജയുടെ അമ്മയുടെ സഹോദരന്‍ രതീഷിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. അച്ഛന്‍ ഉപേക്ഷിച്ച് പോയ ശേഷം രതീഷായിരുന്നു സഞ്ജയിയെ വളര്‍ത്തിയിരുന്നത്. രതീഷ് വേറെ വിവാഹം കഴിച്ചിരുന്നുമില്ല. അതിനാല്‍ സഞ്ജയുടെ മരണത്തില്‍ മനംനൊന്താണ് രതീഷിന്റെ ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ദുരൂഹതകളെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Comments (0)
Add Comment