സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി

Jaihind News Bureau
Friday, February 14, 2020

സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള വകുപ്പുകളോട് നിയമസഭയുടെ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി റിപ്പോര്‍ട്ട് തേടി. സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനാണ് നിര്‍ദ്ദേശം. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സഭാ സമിതി ആവശ്യപ്പെട്ടത്. അതേ സമയം സി.എ.ജി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.

സി.എ.ജി റിപ്പോർട്ടിൽ രൂക്ഷ വിമർശനങ്ങൾ നേരിട്ട പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുപുകളോടാണ് പബ്ലിക്ക് അക്കൗൺഡ്സ് കമ്മിറ്റി വിശദീകരണം തേടിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച പരിഹാരങ്ങളും തുടര്‍ നടപടികളും രണ്ടു മാസത്തിനുള്ളില്‍ വിശദീകരിക്കാനാണ് പി.എ സി യുടെ നിര്‍ദ്ദേശം. വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മറുപടി നിയമസഭാ സമിതി പരിശോധിച്ച ശേഷം സി.എ.ജിക്ക് കൈമാറും. ലഭിച്ച മറുപടികളില്‍ പരിശോധന നടത്തിയ ശേഷം സി.എ.ജി അന്തിമ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു നല്‍കും . ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സഭാ സമിതി തീരുമാനമെടുക്കുക. വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള സഭാസമിതിയാണ് സി.എ.ജി റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. ഇതിനിടെയാണു ഡിജിപി ലോക്‌നാഥ് ബഹ്‌റ ഗവര്‍ണറെ സന്ദര്‍ശിച്ച് വിശദീകരണം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്തവയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ചട്ടപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാൻ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്.