ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷ; ആദ്യ വനിത പ്രസിഡന്‍റ്

Jaihind Webdesk
Saturday, December 10, 2022

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (IOA) അധ്യക്ഷയായി പി.ടി. ഉഷ.  ഐഒഎ (IOA)യുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് പി.ടി.ഉഷ.  സുപ്രീം കോടതി മുൻ ജഡ്ജ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

രാജ്യത്തെ കായിക ഭരണത്തിൽ ഒരു പുതിയ യുഗത്തിനാണ് ഇതോടെ തുടക്കമാകുന്നത്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐഒഎ) ആദ്യ മലയാളി പ്രസിഡന്‍റുമാണ്  പി ടി ഉഷ.  സുപ്രീം കോടതി നിയമിച്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി എൽ നാഗേശ്വര റാവുവിന്‍റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഈ മാസം തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സസ്‌പെൻഡ് ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് പിടി ഉഷ തെരഞ്ഞെടുക്കപ്പെട്ടത്.

ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ  ഉഷ  1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിലാണ് 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ നാലാം സ്ഥാനക്കാരിയായത്.   രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖര്‍ 95 വര്‍ഷം പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ച ചരിത്രമുള്ള ഐഒഎയില്‍ ആദ്യമായി ഈ പദവിയിലെത്തുന്ന  സജീവ കായികതാരമാണ് പിടി ഉഷ.