
പയ്യന്നൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെത്തുടര്‍ന്ന് സി.പി.എമ്മിലുണ്ടായ ആഭ്യന്തര കലഹം പരിഹരിക്കാന്‍ നേതൃത്വം നേരിട്ട് രംഗത്ത്. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാന്‍ ലക്ഷ്യമിട്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് പയ്യന്നൂരിലെത്തി സന്ദര്‍ശനം നടത്തി.
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പരസ്യമായി പ്രകടനം നടത്തിയ പ്രവര്‍ത്തകരെയും കുഞ്ഞികൃഷ്ണന്റെ കുടുംബാംഗങ്ങളെയും കണ്ടാണ് പി. ജയരാജന് അനുനയ നീക്കം നടത്തിയത്. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നന്റെ വീട്ടില്‍ ജയരാജന് നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി. വി. കുഞ്ഞികൃഷ്ണന്റെ സഹോദരന് വി. നാരായണന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. മാധ്യമങ്ങളെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. പയ്യന്നൂരിലെ മറ്റു ചില പ്രാദേശിക നേതാക്കളെയും അദ്ദേഹം കണ്ടതായാണ് വിവരം. ജയരാജന് എത്തുന്നതിന് മുന്നോടിയായി പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയര്മാന് സരിന് ശശി എന്നിവരും പ്രസന്നനെ സന്ദര്‍ശിച്ചിരുന്നു.
പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനനെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിഭാഗീയതയ്ക്ക് കാരണമാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കുഞ്ഞികൃഷ്ണനെ പിന്തുണച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയാല്‍ അത് പാര്‍ട്ടിയുടെ കരുത്തിനെ ബാധിക്കുമെന്നതിനാലാണ് പി. ജയരാജന്റെ നേതൃത്വത്തിലുള്ള ഈ ‘രക്ഷാപ്രവര്‍ത്തനം’.
നേരത്തെ, ‘പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടന്ന പ്രകടനത്തിന് പ്രസന്നനായിരുന്നു നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രസന്നന്റെ ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
അതേസമയം, വി. കുഞ്ഞികൃഷ്ണനെതിരായ സംഘടനാ നടപടി സി.പി.എം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. പയ്യന്നൂര്‍ ഏരിയയിലെ ലോക്കല്‍ കമ്മിറ്റികളിലാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടിംഗ് നടന്നത്. കുഞ്ഞികൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ മറുപടിയും വിശദീകരണവും അംഗങ്ങളെ നേരിട്ട് ധരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.