‘വിരലിലെണ്ണാവുന്ന തെറ്റുകള്‍, എല്ലാവരെയും തള്ളിപ്പറയാനാവില്ല’; പാര്‍ട്ടിയെ ന്യായീകരിച്ചും സിപിഐയെ കുത്തിയും പി ജയരാജന്‍

Jaihind Webdesk
Saturday, July 10, 2021

സ്വർണ്ണക്കടത്ത് ക്വട്ടേഷനില്‍ സിപിഎമ്മിനെ വിമർശിച്ച സിപിഐയെ കടന്നാക്രമിച്ചും പാര്‍ട്ടിയെ ന്യായീകരിച്ചും  സംസ്ഥാന സമിതി അംഗം പി ജയരാജൻ. വിരലിലെണ്ണാവുന്ന ചിലർ ചെയ്ത തെറ്റിന്‍റെ പേരിൽ പാർട്ടിയോട് ആത്മാർത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാൻ പാർട്ടി തയാറല്ലെന്ന് ജയരാജന്‍ പറയുന്നു. വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങൾ മൂന്ന് വര്ഷം മുമ്പ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യം ഉന്നയിക്കുന്നവർക്ക് ത്രികാലജ്ഞാനമില്ലെന്നാണ് മറുപടിയെന്നും പി ജയരാജൻ. വലതുപക്ഷ മാധ്യമങ്ങളിൽ കവറേജ് കിട്ടാൻ ഭൂതകാലത്തെ തള്ളിപ്പറയാൻ സിപിഐഎം തയാറല്ലെന്നും അവസരം മുതലാക്കാനും മാധ്യമശ്രദ്ധ നേടാനും ചില സുഹൃത്തുക്കൾ രംഗത്ത് വന്നതായും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സി പി ഐ യുടെ മുഖപത്രത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എഴുതിയ ലേഖനത്തിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനമായിരുന്നു ഉന്നയിച്ചിരുന്നത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ടായിരുന്നു സിപിഎമ്മിനെതിരെയുള്ള എതിരെയുള്ള വിമർശനം. ഈ വിമർശനത്തിനാണ് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയത്. അരിവാൾ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷൻ സംഘങ്ങളായി കുറ്റപ്പെടുത്താനാണ് ചിലർ തയാറാവുന്നത്. പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ അണിനിരക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ആ പാർട്ടിയോട് ഒപ്പമുള്ള വിരലിലെണ്ണാവുന്ന ചിലർ ചെയ്ത തെറ്റിന്റെ പേരിൽ പാർട്ടിയോട് ആത്മാർത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാൻ പാർട്ടി തയാറല്ലെന്നും ജയരാജൻ ന്യായീകരിക്കുന്നു.

പാർട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചിട്ടുണ്ടെന്നും, അത്തരം ഘട്ടങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാർട്ടിയാണിതെന്നും,  അവിഭക്ത കമ്മ്യുണിസ്റ് പാർട്ടിയുടെ കാലത്തും അത്തരം ചെറുത്തുനിൽപ്പുകൾക്ക് മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കുകയുണ്ടായതായും ജയരാജൻ ഓർമ്മപ്പെടുത്തുന്നു. മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് സംഘടന ഒഴിവാക്കിയ അത്തരക്കാരുടെ പേരുപയോഗിച്ചാണ് ഇപ്പോൾ സിപിഐ വിരുദ്ധ പ്രചാരവേല.

അവിഭക്ത കമ്മ്യുണിസ്റ് പാർട്ടിയുടെ കാലത്തും ചെറുത്തുനിൽപ്പുകൾക്ക് മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കുകയുണ്ടായി. അക്കാലത്ത് ഇങ്ങനെയുള്ള ചെറുത്ത്നിൽപ്പുകൾക്ക് നിന്ന ചിലരെ പിൽക്കാലത്ത് അവർ ചെയ്ത തെറ്റിന്റെ പേരിൽ അവിഭക്ത പാർട്ടി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അതെല്ലാം ചിലർ മറന്നുപോവുകയാണ്. പാർട്ടിക്ക് ത്രികാലജ്ഞാനം ഉണ്ടാവണമെന്നാണ് ചിലർ ശഠിക്കുന്നത്. എന്നുമാത്രമല്ല സിപിഎമ്മിന്‍റെ ഭൂതകാലത്തെ വേട്ടയാടാനും അവർ ശ്രമിക്കുന്നു. വലതുപക്ഷ മാധ്യമങ്ങളിൽ കവറേജ് കിട്ടാൻ ഭൂതകാലത്തെ തള്ളിപ്പറയാൻ സിപിഎം തയാറല്ല. അവസരം മുതലാക്കാനും മാധ്യമശ്രദ്ധ നേടാനും ചില സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ടെന്നും സിപിഐയെ പേരെടുത്ത് പറയാതെ പി ജയരാജൻ വിമർശിക്കുന്നു.