ക്വട്ടേഷന്‍, ക്രിമിനല്‍ മാഫിയ ആരോപണങ്ങളില്‍ മൗനം തുടർന്ന് പി. ജയരാജൻ; അണികളും ചർച്ച ചെയ്യുന്നു, പ്രതിരോധത്തിലായി സിപിഎം

Jaihind Webdesk
Saturday, June 29, 2024

 

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന് എതിരായ മനു തോമസിന്‍റെ ആരോപണത്തില്‍ കടുത്ത പ്രതിരോധത്തിലായി പാർട്ടി. മനു തോമസിന്‍റെ വിമർശനങ്ങൾക്ക് വെളിപ്പെടുത്തലുകള്‍ക്കും മറുപടി പറയാതെ പി. ജയരാജൻ മൗനത്തിൽ. മനു തോമസിന്‍റെ ജയരാജ വിമർശനം പാർട്ടി അണികള്‍ക്കിടയിലും ചർച്ച ആവുകയാണ്.

പി.ജയരാജന് എതിരെ പാർട്ടിയിൽ നിന്ന് പുറത്തുപോയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ഓരോ ദിവസവും ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താൻ പി. ജയരാജനെ കുറിച്ച് നടത്തിയ വിമർശനത്തിൽ നിന്ന് പിന്നോട്ടു പോകാതെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ മാഫിയ ബന്ധത്തിൽ തന്‍റെ വാക്കുകൾ കടുപ്പിക്കുകയാണ് മനു തോമസ്. എന്നാൽ മനു തോമസ് നടത്തിയ വിമർശനങ്ങളിൽ പി. ജയരാജൻ മൗനം തുടരുകയാണ്. മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പി. ജയരാജന്‍റെ മകൻ ജയിൻ പി. രാജ് വക്കീൽ നോട്ടീസ് അയച്ചത് മാത്രമാണ് മനു തോമസ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പ്രധാന പ്രതികരണം. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന്‍റെ കോർഡിനേറ്റർ ആണ് ജയിന്‍ രാജെന്ന മനു തോമസിന്‍റെ ആരോപണത്തിനെതിരെയാണ് വക്കീൽ നോട്ടീസ്.

ക്വട്ടേഷൻ സംഘങ്ങളുമായും റെഡ് ആർമി എന്ന ഫേസ് ബുക്ക് പേജുമായും തനിക്ക് ബന്ധമില്ലെന്നും ജെയിൻ രാജ് വക്കീൽ നോട്ടീസിൽ പറയുന്നു. വക്കീൽ നോട്ടീസ് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെ ചില വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ക്വട്ടേഷൻ മാഫിയ ബന്ധം സംബന്ധിച്ച് തന്‍റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം പി. ജയരാജന് എതിരായ തന്‍റെ വാക്കുകൾ കടുപ്പിക്കുകയാണ് മനു തോമസ്. അതിനിടെ മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി അണികള്‍ക്കിടയിലും ചർച്ച ആയിട്ടുണ്ട്. പി. ജയരാജൻ എന്തുകൊണ്ട് മനു തോമസിന് മറുപടി പറയുന്നില്ല എന്ന ചോദ്യമാണ് അണികളിൽ നിന്ന് ഉയരുന്നത്. പി. ജയരാജന്‍റെയും പാർട്ടി നേതൃത്വത്തിന്‍റെയും മൗനവും അണികളിൽ ചർച്ച ആയിട്ടുണ്ട്.