മുല്ലപ്പള്ളി രാമചന്ദ്രനെ അകാരണമായി ആക്ഷേപിക്കാനുള്ള നീക്കം അപലപനീയം: പി. ഗോപിനാഥന്‍ നായര്‍

തിരുവനന്തപുരം: പണം പിരിച്ച് പുതിയ എം.പിക്ക് കാര്‍ വാങ്ങിക്കൊടുക്കാനുള്ള ചിലരുടെ തീരുമാനത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അകാരണമായി ആക്ഷേപിക്കാനുള്ള കോണ്‍ഗ്രസിലെ ചിലരുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് അഖിലേന്ത്യാഗാന്ധി സ്മാരകനിധി മുന്‍ ചെയര്‍മാന്‍. പണപ്പിരിവിനും പാരിതോഷികം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിനെതിരെ ധീരമായ നിലപാട് സ്വീകരിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് രാഷ്ട്രീയ നേതാക്കള്‍ക്കാകെ മാതൃകയാണ്. സംഭാവനയായി കാര്‍ വേണ്ട എന്ന് തീരുമാനിച്ച രമ്യഹരിദാസ് അഭിനന്ദനമര്‍ഹിക്കുന്നു. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പണപ്പിരിവിനും പാരിതോഷികത്തിനും വേണ്ടിയുള്ള വാതപ്രതിവാദം കോണ്‍ഗ്രസിന് ദോഷം ചെയ്യുകയേയുള്ളൂ -പി. ഗോപിനാഥന്‍ നായര്‍ പറഞ്ഞു.
ഏറ്റവും പാവപ്പെട്ടവന്റെ ദുഃഖം എപ്പോഴും ഓര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച ഗാന്ധിജിയുടെ സിദ്ധാന്തങ്ങള്‍ മറന്ന് സുഖഭോഗങ്ങള്‍ക്കായുള്ള വാദപ്രതിവാദങ്ങള്‍ ഗാന്ധിയന്‍ പ്രൈതൃകമവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ക്ക് ചേര്‍ന്നതല്ല. സ്വാതന്ത്ര്യസമരസേനാനിയായ മുല്ലപ്പള്ളി ഗോപാലന്റെ മകന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സാമൂഹ്യതിന്‍മകള്‍ക്കെതിരെ ശക്തമായി എന്നും ശബ്ദിച്ചിട്ടുള്ള ആളാണ്. ആദര്‍ശങ്ങളിലുറച്ച ധീരമായ സ്വന്തം നിലപാടുകള്‍കൊണ്ട് വേറിട്ട വ്യക്തിത്വം തെളിയിച്ച കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നതിന് പകരം അനാവശ്യമായി അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിന് ആദര്‍ശങ്ങളില്‍ അല്‍പമെങ്കിലും വിശ്വാസമുള്ള കോണ്‍ഗ്രസുകാര്‍ക്ക് ചേര്‍ന്നതല്ല. – പി. ഗോപിനാഥന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Comments (0)
Add Comment