ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് എന്‍ഡിഎ സര്‍ക്കാരിന്റെ ‘ഇലോണ്‍ മസ്ക്ക് ‘ ആണോ എന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. എംബസികള്‍ വെട്ടിക്കുറച്ച് ലാഭം നേടിക്കൊടുക്കാനുള്ള പദ്ധതിയാണോ നിര്‍മ്മല സീതാരാമന് വിദേശകാര്യ മന്ത്രാലയത്തില്‍ നടപ്പാക്കുന്നതെന്ന് സംശയിക്കുന്നതായും പി ചിദംബരം രാജ്യസഭയില്‍ ആരോപിച്ചു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്സിയെ നയിക്കാന്‍ കോടീശ്വരന് എലോണ്‍ മസ്കിനെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചിദംബരത്തിന്റെ ആരോപണം. യു എസ് സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതുള്പ്പെടെയുള്ളവ മസ്ക്കിന്റെ ചുമതലയിലാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന് വിദേശകാര്യ മന്ത്രാലയത്തില്‍ ‘ഇലോണ്‍ മസ്ക്’ പരീക്ഷണം നടത്തുന്നതായി ഞാന്‍ സംശയിക്കുന്നു, മുന്‍ധനമന്ത്രി പി ചിദംബരം രാജ്യസഭയില്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന് ഇത്തവണ ബജറ്റ് അനുവദിച്ചിരിക്കുന്നത് 20,517 കോടി രൂപയാണ് . 2023-24 സാമ്പത്തിക വര്‍ഷത്തില്‍, 28,915 കോടി രൂപയും നടപ്പു വര്‍ഷം 25,277 കോടിയുമാണ് അനുവദിച്ചിരുന്നത്. ഏകദേശം 9,000 കോടി രൂപയുടെ കുറവാണ് ഇതിലൂടെ ധനമന്ത്രി വരുത്തിയിരിക്കുന്നത് . വിദേശകാര്യ മന്ത്രാലയത്തില്‍ ധനമന്ത്രി ഇലോണ്‍ മസ്ക് പരീക്ഷണമാണോ നടത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും വിശദീകരിക്കണം, നാം നമ്മുടെ ലോക സാന്നിധ്യം ചുരുക്കുകയാണോ? നിങ്ങള്‍ നമ്മുടെ എംബസികള്‍ അടച്ചുപൂട്ടുകയാണോ,’ അദ്ദേഹം ചോദിച്ചു.
കേന്ദ്ര ബജറ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും മുന്‍ ധനമന്ത്രി ആരോപിച്ചു. ബജറ്റ് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് വ്യക്തമാണ്, ബജറ്റിന് ഒരു അടിത്തറയും ഇല്ലെന്നും ചിദംബരം പറഞ്ഞു.