നിർമ്മല സീതാരാമന്‍റെ ബജറ്റിനെ വിമര്‍ശിച്ച് പി. ചിദംബരം; വ്യക്തത ഇല്ലാത്തതും അവശ്യഘടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കാത്തതുമെന്ന് വിമര്‍ശനം

Jaihind Webdesk
Saturday, July 6, 2019

തൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, ആരോഗ്യ മേഖല എന്നിവയെപ്പറ്റി പരാമർശിക്കാത്ത ചരിത്രത്തിലെ ആദ്യ ബജറ്റാണ് നിർമ്മല സീതാരാമന്‍റെ ബജറ്റെന്ന് മുൻ ധനകാര്യ മന്ത്രി പി. ചിദംബരം. മൊത്ത വരുമാനം, ചെലവ്, കമ്മി എന്നിവ പ്രതിപാദിക്കാത്ത ബജറ്റ് പ്രസംഗം വ്യക്തത ഇല്ലാത്തതാണ്. എസ്.സി, എസ്.ടി, ന്യൂനപക്ഷം, വനിത വിഭാഗങ്ങളെ പറ്റിയും ബജറ്റ് പ്രസംഗത്തിൽ പ്രതിപാദിച്ചിട്ടില്ലെന്നും പി.ചിദംബരം കുറ്റപ്പെടുത്തി.

നിർമ്മല സീതാരാമന്‍റെ കേന്ദ്രബജറ്റിനെതിരെ മുൻ ധനകാര്യമന്ത്രി പി ചിദംബരം രംഗത്തുവന്നു. ഇത്തവണത്തെ ബഡ്ജറ്റ് വിരസമായ ബജറ്റാണെന്നും, ധനമന്ത്രിയുടെ പ്രസംഗം ഒട്ടും വ്യക്തതയില്ലാത്തതാണെന്ന് പി ചിദംബരം കുറ്റപ്പെടുത്തി. മൊത്തവരുമാനം, ചെലവ്, കമ്മി എന്നിവയെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല. തൊഴിലുറപ്പുപദ്ധതി, ഉച്ചഭക്ഷണ പദ്ധതി, ആരോഗ്യമേഖല എന്നിവയെപ്പറ്റി പരാമർശിക്കാത്ത ചരിത്രത്തിലെ ആദ്യ ബജറ്റായിരിക്കും ഇതെന്നും അദ്ദേഹം പരിഹസിച്ചു. സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിന് ഒരു പുതിയ പദ്ധതി പോലും പ്രഖ്യാപിച്ചിട്ടില്ലെന്ന് പി ചിദംബരം പറഞ്ഞു.

കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ചതിന്‍റെയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചതിന്‍റെയും ഭവിഷ്യത്ത് സാധാരണ ജനം നേരിടേണ്ടിവരും. പിന്നോക്ക വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, വനിതകൾ എന്നിവർക്ക് ഗുണകരമായ ഒന്നും ബജറ്റിൽ ഇല്ല. സംസ്ഥാനങ്ങൾ ചെയ്യേണ്ട കടമകളും കർത്തവ്യങ്ങളും കേന്ദ്രസർക്കാർ ഏറ്റെടുക്കുകയാണ്. ഇത് സഹകരണ സംയുക്ത വ്യവസ്ഥിതിക്ക് എതിരാണ്. സാധാരണ ജനങ്ങളുടേയും അറിവുള്ള സാമ്പത്തിക വിദഗ്ധരുടെയും വാക്കുകൾ കേൾക്കാതെ തയ്യാറാക്കിയ ബജറ്റ് മറ്റ് സാമ്പത്തിക സർവ്വേ മുന്നോട്ടുവെച്ച പ്രതീക്ഷകൾക്ക് വിപരീതമായി എന്നും പി. ചിദംബരം കൂട്ടിച്ചേർത്തു.