തിരുവനന്തപുരം : ചെലവ് ചുരുക്കല്‍ നിർദ്ദേശങ്ങള്‍ വീണ്ടും കാറ്റില്‍ പറത്തി സംസ്ഥാന സർക്കാർ. ഹെലിക്കോപ്ടർ വാടക ഇനത്തില്‍ പവന്‍ഹാന്‍സ് കമ്പനിക്ക് അനുവദിച്ചത് രണ്ടര കോടിയിലേറെ രൂപ. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ച വിദഗ്ധ സമിതികളുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങൾ പുറത്തിക്കിയതിന് പിന്നാലെ ഹെലികോപ്ടർ വാടകയിനത്തിൽ അനുവദിച്ചത് രണ്ട് കോടി 55 ലക്ഷത്തി ഏഴായിരം രൂപയാണ്. ഡെപ്യൂട്ടി സെക്രട്ടറി സുനേജാ ബീഗത്തിന്‍റെ ഒപ്പോട് കൂടി ഇന്ന് ഉത്തരവ് പുറത്തിറങ്ങി.
രണ്ട് പ്രളയവും കൊവിഡും തകർത്ത സംസ്ഥാന ഖജനാവിന് താങ്ങാനാവാത്ത ഭാരമാണ് വാടക ഹെലികോപ്ടർ എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസും ഡി.ജി.പിയും അടങ്ങിയ സമിതിയാണ് പൊതുമേഖല സ്ഥാപനമായ പവൻ ഹാൻസിനെ തെരഞ്ഞെടുത്തത്. ഒരു മാസം ഇരുപത് മണിക്കൂർ പറത്താൻ ഒരു കോടി നാൽപ്പത്തി നാല് ലക്ഷം രൂപയാണ് വാടക. ഇത് അമിത തുകയാണെന്നും ധൂർത്തെന്നും പ്രതിപക്ഷം അന്ന് തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ കൊവിഡ് പ്രതിസന്ധിക്കിടെ ഒന്നരക്കോടി മുൻകൂർ തുക നൽകി സർക്കാർ കരാർ ഉറപ്പിക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് ചെലവ് ചുരുക്കലിനായി 22 ഇന നിർദ്ദേശങ്ങളുമായി ഈ മാസം അഞ്ചിന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഒരു വർഷം സർക്കാർ സ്ഥാപനങ്ങൾ മോടിപിടിപ്പിക്കില്ല, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ അനുവാദം നൽകില്ല, ജുഡീഷ്യൽ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും, പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകില്ല, ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പിഎഫിൽ ലയിപ്പിക്കും തുടങ്ങിയ തീരുമാനങ്ങൾ എടുത്ത അതേ ധനകാര്യ വകുപ്പിൽ നിന്ന് തന്നെയാണ് ഈ ഉത്തരവും പുറത്തിറങ്ങിയത്. ജിഎസ്ടി ചേർത്ത് ഏതാണ്ട് ഒരു കോടി 70 ലക്ഷം രുപയാണ് ഹെലികോപ്ടറിന്‍റെ മാസ വാടക. വർഷം സർക്കാർ ഖജനാവിൽ നിന്ന് പോകുന്നത് ഈയിനത്തിൽ 20.4 കോടി രുപയാണ് ചെലവാക്കപ്പെടുന്നത്. ഏതാണ്ട് 500 ലേറേ വീടുകൾ ദുരിതബാധിതർക്ക് വെച്ച് നൽകാനുള്ള പണമാണ് സർക്കാർ ഇങ്ങിനെ ധുർത്തടിക്കുന്നത് എന്ന് ചുരുക്കം. ഇക്കഴിഞ്ഞ മാർച്ചിൽ ഒന്നരക്കോടി രൂപ സർക്കാർ ട്രഷറിയിൽ നിന്നും ഇതേയിനത്തിൽ കൈമാറിയത് നേരത്തെ വിവാദമായിരുന്നു.