സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നാളെ വിരമിക്കും. നാളെ വൈകുന്നേരം സുപ്രീം കോടതി അങ്കണത്തിൽ യാത്രയയപ്പ് നൽകും. ശരത് അരവിന്ദ് ബോബ്ഡെയാണ് പുതിയ ചീഫ് ജസ്റ്റിസ്.
അവസാന പ്രവര്ത്തിദിവസമായിരുന്ന വെള്ളിയാഴ്ച സുപ്രീംകോടതി അങ്കണത്തില്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് വിടവാങ്ങല്‍ പാര്‍ട്ടി നല്കി ആദരിച്ചു.
ഇന്ത്യയുടെ 46 മത് ചീഫ് ജസ്റ്റിസായാണ് അസംകാരനായ രഞ്ജൻ ഗോഗോയ് ചുമതലയേറ്റത്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ 2018 ഒക്ടോബർ 3 നായിരുന്നു സത്യപ്രതിജ്ഞ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന ആദ്യ വ്യക്തിയാണ് ഗോഗോയ്. കേസുകൾ വിഭജിക്കുന്നതിലെ അപാകതകൾ ഉയർത്തി കോടതി നടപടികൾ നിർത്തിവെച്ച് പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരിൽ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. നിർണായകമായ പല കേസുകളിലും വിധി പറഞ്ഞാണ് ഗോഗോയ് പടിയിറങ്ങുന്നത്.
ഇന്ത്യയൊട്ടാകെ കാത്തിരുന്ന ചരിത്ര പ്രസിദ്ധമായ അയോധ്യ വിധി, ശബരിമല പുനഃപരിശോധന ഹർജി 7 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് തുടങ്ങിയ നിർണായക വിധികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിത്തിലുള്ള ബെഞ്ചാണ് പുറപ്പെടുവിച്ചത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതും രഞ്ജൻ ഗോഗോയുടെ ബെഞ്ചായിരുന്നു. ഇതിനിടെ ചില വിവാദങ്ങളും അദ്ദേഹത്തെ തേടിയെത്തി. രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തികേസ് തള്ളിയതും ഈ ബെഞ്ചായിരുന്നു.
അങ്ങനെ വിവാദങ്ങൾക്കും നാടകീയ വിധികൾക്കുമൊടുവിൽ ചീഫ് ജസ്റ്റിസ് നാളെ സ്ഥാനം ഒഴിയുന്നു.