‘ഉക്രെയ്ന്‍ വിഷയത്തിലെ നമ്മുടെ നിശബ്ദത മോശം’; ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍

Jaihind Webdesk
Thursday, February 24, 2022

 

ന്യൂഡല്‍ഹി: യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയില്‍ ഇന്ത്യന്‍ നിലപാടിനെതിരെ വിമർശനവുമായി ശശി തരൂര്‍ എംപി. റഷ്യയുമായി സംസാരിച്ച് യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ഇന്ത്യയുടെ നിശബ്ദത മോശമായിപ്പോയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

റഷ്യചെയ്യുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്.  ചൈന ഇന്ത്യയുടെ ഭൂമിയിലേക്ക് കടന്നുകയറിയതുപോലെ റഷ്യ യുക്രെയ്‌ന്‍റെ ഭൂമിയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കുമ്പോള്‍ ഒരു നിലപാടും മറ്റൊരു രാജ്യത്തിന്‍റെ കാര്യത്തില്‍  വേറൊരു നിലപാടും സ്വീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യ-ചൈന വിഷയത്തില്‍ മറ്റ് രാജ്യങ്ങളുടെ സഹായം നമുക്ക് ലഭിക്കണമെങ്കില്‍ യുക്രെയ്ന്‍റെ കഷ്ടകാലത്തില്‍ നമ്മള്‍ അവർക്കൊപ്പം നില്‍ക്കേണ്ടതുണ്ട്.

റഷ്യ നമ്മുടെ അടുത്ത സുഹൃത്തായിരിക്കും. പക്ഷേ അടുത്ത സുഹൃത്ത് തെറ്റ് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുടെ മൌനം മോശമായിപ്പോയെന്നും തരൂര്‍ പറഞ്ഞു.