ദേശീയതലത്തിലും കോണ്‍ഗ്രസിനൊപ്പം പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് സി.പി.എം ; ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കൂട്ടായ്മ

കേരളത്തിലേതുപോലെ ദേശീയതലത്തിലും കോണ്‍ഗ്രസിനൊപ്പം പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സി.പി.എം ; ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കൂട്ടായ്മ

വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ ഒറ്റക്കെട്ടായി എതിർത്ത് പ്രതിപക്ഷ കക്ഷികള്‍. കേരളത്തിലേതുപോലെ ദേശീയ തലത്തിലും  കോണ്‍ഗ്രസിനൊപ്പം ബില്ലിനെ എതിർത്ത് സി.പി.എം രംഗത്തെത്തി. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സി.പി.എം  ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിവാദമായ ബില്ലിനെതിരെ നിലപാടെടുത്തു. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പോലീസ് അതിക്രമത്തെയും സംഘം അപലപിച്ചു.

ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, കപിൽ സിബൽ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി രാജ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ജെ.ഡി.യു നേതാവ് ശരദ് യാദവ് എന്നിവർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചത്.

‘വൈസ് ചാൻസലറുടെ അനുമതിയില്ലാതെ പോലീസിന് സർവകലാശാലാ പരിസരത്ത് പ്രവേശിക്കാൻ കഴിയില്ല. അവർ അനുമതി നല്‍കിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കേന്ദ്ര സർക്കാര്‍ നിയന്ത്രിക്കുന്ന പോലീസ് കാമ്പസിനുള്ളില്‍ പ്രവേശിച്ചത്? ജാമിയ മിലിയയിലെ പോലീസ് നടപടിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണം’ – കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം പ്രക്ഷോഭത്തിന് പിന്നിൽ കോൺഗ്രസാണെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് ഗുലാം നബി ആസാദ് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കി. അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ നയമെങ്കില്‍ നിങ്ങള്‍ ഇന്ന് അധികാരത്തിലുണ്ടാകുമായിരുന്നില്ലെന്ന് ആസാദ് തിരിച്ചടിച്ചു. അതുകൊണ്ടുതന്നെ മോദിയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമാണ് പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരവാദിയെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

ജാമിയ മിലിയ സർവകലാശാലയില്‍ നടന്ന പോലീസ് അതിക്രമം ഒരു ജനാധിപത്യ രാജ്യത്ത് ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് ജാമിയയില്‍  നടത്തിയ അതിക്രമത്തെക്കുറിച്ച് അമിത് ഷാ മിണ്ടാത്തത് എന്തുകൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. പൗരത്വ ബില്ലിനെതിരെ ഡിസംബര്‍ 19 ന് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ എല്ലാവരും അണിചേരണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.

Citizenship Amendment Act
Comments (0)
Add Comment