ആശമാരുടെ സമരം ലോക്‌സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

Jaihind News Bureau
Monday, March 10, 2025

ആശ വര്‍ക്കര്‍മാരുടെ സമരം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. അടിയന്തര പ്രമേയത്തിന് കൊടിക്കുന്നില്‍ സുരേഷ് എംപി നോട്ടീസ് നല്‍കി. കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ആശ വര്‍ക്കര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്‌സഭയില്‍ ഉന്നയിക്കാന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി.

ആശാവര്‍ക്കര്‍മാരുടെ മാന്യമായ ആവശ്യത്തിനായുള്ള സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് . ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കേണ്ട വേതനം ഉറപ്പുവരുത്തണമെന്നും വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേ നോട്ടീസ് നല്‍കി. ആശാപ്രവര്‍ത്തകരുടെ വേതനവര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം.പി ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ആശാവര്‍ക്കേഴ്‌സിനെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ നല്‍കി.

കഴിഞ്ഞ ഒരു മാസക്കാലമായി വെയിലും മഴയും കൊണ്ട് ആശമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ തങ്ങളുടെ സമരം തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും എന്ന് അറിയിച്ച ആശമാരുടെ സമരം ഒരു മുന്നറിയിപ്പായി കാണണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വരെ ഉയര്‍ന്നു വന്നിരുന്നു. സ്ത്രീ ശക്തി കരുതിയിരിക്കേണ്ടതാണെന്ന പാഠം സിപിഎമ്മിന് ഉണ്ടായെങ്കിലും ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരള സര്‍ക്കാര്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാരിനെ പഴിചാരിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് പ്രതിപക്ഷം വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്.