മാര്‍ക്ക് ദാന വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷം : അടിയന്തരപ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം :  മാർക്ക് ദാന വിഷയം ലഘൂകരിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്പീക്കർ സർക്കാർ പക്ഷം ചേരുന്നതിനെതിരെ ആയിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ഗവർണറുടെ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ഗവർണറുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കേരള സാങ്കേതിക സർവകലാശാലയിലുൾപ്പെടെ നടത്തിയ അദാലത്തും  മാർക്ക് ദാനവും ചട്ട വിരുദ്ധമെന്ന  ഗവർണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. റോജി എം ജോൺ എം.എൽ.എയാണ്  അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും സബ്മിഷമനായി  ഉന്നയിക്കാമെന്നുമുള്ള സ്പീക്കറുടെ മറുപടി പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. സ്പീക്കറുടെ ഡയസിന് മുമ്പിലും പ്രതിഷേധം തുടർന്നു.

നിഷ്പക്ഷമായി സഭ നടത്തേണ്ട സ്പീക്കർ സർക്കാരിന്‍റെ അഭിപ്രായമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവർണറുടെ ഉത്തരവ് ലഭിച്ചില്ലെന്ന്  സ്പീക്കർ അല്ല, മന്ത്രിയാണ് മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരള ചരിത്രത്തിൽ ഇതുവരെ ഒരു  വിസിയും പ്രോവിസിക്ക് എതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.  മന്ത്രി കെ.ടി ജലീലിന് അധികാരത്തിൽ തുടരാൻ ധാർമിക ഉത്തരവാദിത്തമില്ലെന്നും മന്ത്രി  രാജിവെച്ച് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു.

Comments (0)
Add Comment