മുത്തൂറ്റ് സമരം സഭയില്‍: ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ പ്രതിഷേധം

Jaihind News Bureau
Thursday, March 12, 2020

തിരുവനന്തപുരം : മുത്തൂറ്റ്  സമരത്തെ ചൊല്ലി നിയമസഭയിലെ ചോദ്യോത്തരവേളയിൽ  പ്രതിപക്ഷ ബഹളം. സഭാ അംഗത്തെ ആക്ഷേപിക്കത്തക്ക നിലയിൽ മറുപടി പറഞ്ഞത് ശരിയാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുത്തൂറ്റ് സമരത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ച് കേരളത്തെക്കുറിച്ച് മോശമായ ചിത്രം പുറത്ത് അവതരിപ്പിക്കുന്ന തരത്തിൽ ഒരു സഭാംഗവും നിലപാട് സ്വീകരിക്കരുതെന്ന മന്ത്രി ടി.പി രാമകൃഷ്ണന്‍റെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

മുഖ്യമന്ത്രി ഇടപെടണമെന്നാണ് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിന് അംഗത്തെ ആക്ഷേപിക്കത്തക്ക നിലയിൽ മന്ത്രി മറുപടി പറഞ്ഞത് ശരിയാണോ എന്നും സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്തിൽ എന്താണ് തെറ്റായ കാര്യമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പിന്നാലെ മുത്തൂറ്റ് സമരത്തെ സംബന്ധിച്ച് ക്രമപ്രശ്നം ഉന്നയിക്കാൻ വി.ഡി സതീശൻ എം.എൽ.എയെ അനുവദിക്കാത്ത ഭരണപക്ഷ നിലപാടാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.