വന്യജീവി ആക്രമണം സഭയിലുന്നയിച്ച് പ്രതിപക്ഷം; വിഷയം ഗൗരവകരം, ശാസ്ത്രീയ പരിഹാര മാർഗം മുന്നിലില്ലെന്ന് വനം മന്ത്രി

Jaihind Webdesk
Thursday, October 7, 2021

തിരുവനന്തപുരം : മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാൻ സർക്കാർ നടപടി എടുക്കണമെന്ന് പ്രതിപക്ഷം. വന്യജീവികളെ സംരക്ഷിക്കുന്നപോലെ മനുഷ്യന്‍റെ ജീവനും സംരക്ഷിക്കാൻ വിദഗ്ധ പദ്ധതി വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശാസ്ത്രീയമാര്‍ഗം മുന്നിലില്ലെന്ന് ചൂണ്ടിക്കാട്ടിയ വനം മന്ത്രി എകെ ശശീന്ദ്രൻ, പ്രതിപക്ഷത്തിന്‍റെ ആവശ്യം ഗൗരവമുള്ളതാണെന്നും  പരിഹാരമാർഗങ്ങള്‍ കാണുമെന്നും സഭയെ അറിയിച്ചു. അതേസമയം മന്ത്രിയുടെ അനുകൂല നിലപാടിനെ തുടർന്ന് പ്രതിപക്ഷം സഭാനടപടികളുമായി സഹകരിച്ചു.

വന്യജീവി ആക്രമണത്തിലെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎൽഎ ആണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. നിരവധി പേർക്ക് ജീവനും കൃഷിനാശവും ഉണ്ടായിട്ടുണ്ടെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സർക്കാർ
വനം – ധന മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മറുപടി പറഞ്ഞ വനം മന്ത്രി എ കെ ശശീന്ദ്രൻ ഇരുതല മൂർച്ചയുള്ള വാളാണ് വിഷയമെന്ന്ചൂണ്ടിക്കാട്ടി. വിഷയം ഗൗരവമുള്ളതെന്നും പരിഹാരം കാണുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

വന്യ ജീവികളെ സംരക്ഷിക്കണം അതുപോലെ മനുഷ്യ ജീവനെയും സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിദഗ്ധരെ വെച്ച് സമഗ്ര പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറക്കാൻ വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്ന് വിഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ ആവശ്യം ഗൗരവമുള്ളതെന്നും ഉടൻ പരിഹാരം കാണുമെന്ന വനം മന്ത്രി എ കെ ശശീന്ദ്രന്‍റെ അനുകൂല നിലപാടിനെ തുടർന്ന് പ്രതിപക്ഷം സഭാ നടപടിയുമായി സഹകരിച്ചു.