സില്‍വർലൈന്‍ വീണ്ടും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ്

Jaihind Webdesk
Thursday, December 8, 2022

 

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സർവേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഭൂവുടമകൾക്ക് അവരുടെ ഭൂമിയുടെ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ സാധിക്കുന്നില്ല. ഈ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം. റോജി എം ജോൺ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

മഞ്ഞക്കുറ്റികൾ നിത്യ സ്മരകമായി നിൽക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് റോജി എം ജോണ്‍ സഭയില്‍ പറഞ്ഞു. ഭൂമി ക്രയവിക്രയം നടത്താനോ വായ്പകൾ പോലും എടുക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാന സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ നടക്കാത്ത പദ്ധതിക്ക് വേണ്ടി 57 കോടിയാണ് ചെലവഴിച്ചത്. മഞ്ഞക്കുറ്റികൾ എൽഡിഎഫ് സർക്കാരിന്‍റെ ധാർഷ്ട്യത്തിന്‍റെ നിത്യ സ്മാരകമാണ്. നോട്ടിഫിക്കഷന്‍ മരവിപ്പിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നുംപ്രതിപക്ഷം ആവശ്യപ്പെട്ടു.