‘ലഹരി മാഫിയക്കെതിരായ വാർത്ത സർക്കാരിനെതിരായ ഗൂഢാലോചന ആകുന്നതെങ്ങനെ?’; എസ്എഫ്ഐ ആക്രമണം സഭയിലുന്നയിച്ച് പ്രതിപക്ഷം

Jaihind Webdesk
Monday, March 6, 2023

 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ എസ്എഫ്ഐ ആക്രമണം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. പി.സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.

പരോക്ഷ വിമർശനങ്ങളെപ്പോലും ഉള്‍ക്കൊള്ളാനാവാത്ത അസഹിഷ്ണുതയാണ് സർക്കാരിനെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ‘എസ് എഫ് ഐ നേതൃത്വം ആണ് അതിക്രമം നടത്തിയത്. ലഹരി മാഫിയക്കെതിരെ വാർത്ത വരുമ്പോൾ എസ്എഫ്‌ഐ പ്രകോപിതരാകുന്നത് എന്തിനാണെന്നും ലഹരി മാഫിയക്കെതിരായ വാർത്ത സർക്കാരിനെതിരായ ഗൂഢാലോചന ആകുന്നതെങ്ങനെയാണെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് പി.സി വിഷ്ണുനാഥ് ചോദിച്ചു. ഏഷ്യാനെറ്റ് ഓഫീസിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡ് ബിബിസി ഓഫീസില്‍ മോദി സർക്കാർ നടത്തിയ റെയ്ഡിന് സമാനമാണ്. മോദി ഭരണകൂടവും പിണറായി ഭരണകൂടവും തമ്മിൽ എന്താണ് വ്യത്യാസമെന്നും പി.സി വിഷ്ണുനാഥ് ചോദിച്ചു.

“എസ്എഫ്ഐ ഭരണ പാർട്ടിക്ക് ഗുണ്ടാപ്പണി ചെയ്യുന്നു. ഇതേ ഗുണ്ടാപടയല്ലേ രാഹുൽ ഗാന്ധിയുടെ ഓഫീസ് കയറി ആക്രമിച്ചത്? എസ്എഫ്‌ഐ ഗുണ്ടായിസം കാണിച്ചാൽ ഗുണ്ടായിസം എന്ന് പറയും. പിണറായി വിജയൻ ഈ സ്ഥാപനത്തിന്‍റെ ഐശ്വര്യമെന്ന് മാധ്യമ സ്ഥാപനങ്ങളിൽ ബോർഡ് വെക്കണോ? മാധ്യമ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്’ – പി.സി വിഷ്ണുനാഥ് പറഞ്ഞു.

അതേസമയം മാധ്യമവേട്ട എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. എസ്എഫ്ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അടിയന്തര പ്രാധാന്യമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതേസമയം ഏഷ്യാനെറ്റ് ന്യൂസിലുള്ള അക്രമണം ഇവിടുത്തെ മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും പിണറായി വിജയന്‍ സിപിഎമ്മിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.