ജയരാജനെതിരെ കേസെടുക്കാത്തത് ഇരട്ടനീതി; സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

Jaihind Webdesk
Tuesday, July 19, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാത്തത് ഇരട്ട നീതിയാണ്. ഇൻഡിഗോ വിമാന കമ്പനിയുടെ റിപ്പോർട്ടിൽ ഇ.പി ജയരാജനെതിരെ ക്രിമിനൽ നടപടിക്കുള്ള കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ മർദ്ദിച്ചു. ജയരാജന്‍റെ നടപടിയിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ല. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിന് മൂന്ന് ആഴ്ചത്തേക്ക് ജയരാജനെ വിലക്കി. ലെവൽ 2 പ്രകാരം ക്രിമിനൽ നടപടി കുറ്റമാണ് ജയരാജൻ ചെയ്തതെന്നാണ് ഇന്‍ഡിഗോയുടെ റിപ്പോർട്ടിലുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എന്നാൽ ഇൻഡിഗോ റിപ്പോർട്ടിനെ മുഖ്യമന്ത്രി തള്ളി. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻഡിഗോ കമ്പനിയുടെ റിപ്പോർട്ട് പ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും ഇ.പി ജയരാജന് മൂന്നാഴ്ചയുമാണ് യാത്രാ വിലക്ക്.