ഇന്ധനക്കൊള്ള പാര്‍ലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം; ഇരുസഭകളിലും പ്രതിഷേധം

Jaihind Webdesk
Wednesday, March 30, 2022

ന്യൂഡല്‍ഹി: പെട്രോൾ-ഡീസൽ വിലവർധനവിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും നടപടികൾ തടസപ്പെട്ടു. ഇന്ധന വിലവർധന മറ്റ് നടപടികൾ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

ലോക്‌സഭയിൽ രാവിലെ ചോദ്യോത്തര വേളയ്ക്കിടെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ, എൻസിപി എംപിമാരാണ് പ്രതിഷേധവുമായി എത്തിയത്. ഇന്ധന പാചകവാതക വില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്‍റ് സ്തംഭിച്ചു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധമിരമ്പി. ചര്‍ച്ചയാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ, വി.കെ ശ്രീകണ്ഠൻ എന്നിവർ നല്‍കിയ നോട്ടീസ് തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വില വര്‍ധനയുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഇന്ധന വില കൂട്ടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് അക്ഷരം പ്രതി ശരിയായെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

അതിനിടെ രാജ്യത്ത് വർഗീയ അജണ്ടകൾ നിരന്തരം ഉയർത്തി ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഗൂഢാലോചനക്കെതിരെ കൊടിക്കുന്നതിൽ സുരേഷ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കർണാടകയിലെ മന്ത്രിമാർ ഭരണഘടന തകർക്കാൻ ശ്രമം നടത്തുകയാണ്. ഹിജാബ് വിഷയം ഉയർത്തി മുസ്‌ലിം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന നീക്കം നടത്തുന്നു. ഈ ഫാസിസ്റ്റ് രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.